സന്ദീപിന്റെ കൊലപാതകം; പ്രതികൾ ആർഎസ്എസ് പ്രവർത്തകരെന്ന് എഫ്‌ഐആർ
|നേരത്തെ പ്രതികൾ എല്ലാവരും ആർഎസ്എസ് പ്രവർത്തകരല്ല എന്ന രീതിയിലുള്ള പ്രചരണങ്ങൾ പുറത്തുവന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്.
പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ് എഫ്.ഐ.ആർ. അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും ബിജെപി പ്രവർത്തകരാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം.
സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഇന്ന് ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ്, ജിഷ്ണു, ഫൈസൽ, നന്ദു എന്നിവരെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പ്രതിയായ അഭി ഉച്ചയോടെയാണ് അറസ്റ്റിലായത്.
ഐപിസി 143,144,147,148,149,302,294(b),506 എന്നീ വകുപ്പുകളിൽ അന്യായമായി സംഘചേരൽ, കൊലപാതകം, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കോവിഡ് പ്രതികളെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം റിമാൻഡ് ചെയ്യും. നേരത്തെ പ്രതികൾ എല്ലാവരും ആർഎസ്എസ് പ്രവർത്തകരല്ല എന്ന രീതിയിലുള്ള പ്രചരണങ്ങൾ പുറത്തുവന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ജിഷ്ണുവിന്റെ സംഘപരിവാർ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ചത് സംഘപരിവാർ ബന്ധമുള്ള ആൾക്കാരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.