വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
|വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശൂരനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ചനിലയില്‍ കാണപ്പെട്ട വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയതെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി പറഞ്ഞു. അസ്വാഭാവിക മരണത്തിന്റെ സാധ്യതയുള്‍പ്പെടെ വിശദമായി അന്വേഷിക്കും. ഡോക്ടറുമായി സംസാരിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും എസ്.പി പറഞ്ഞു.
അതിനിടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശൂരനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് എ.എസ്.പി ബിജിമോന്‍ പറഞ്ഞു. ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. ആത്മഹത്യ ചെയ്താലുണ്ടാവുന്ന ഒരു ലക്ഷണവും മകളുടെ ശരീരത്തിലില്ല. സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് കിരണ്‍ മകളെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നു എന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.