മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു
|പ്രതിഷേധത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് കുട്ടികൾക്ക് പരിക്ക്
കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ തർക്കം നിലനിൽക്കുന്ന മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു. പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് പിന്മാറിയത്. പ്രതിഷേധത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് കുട്ടികൾക്ക് പരിക്കേറ്റു. യാക്കോബായ സഭകളിൽ നിന്ന് പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.
പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് പള്ളിയിലെത്തിയിരുന്നത്. ഗേറ്റിന്റെ താഴ് തകർത്ത് പൊലീസ് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കുട്ടികളെ മുൻനിർത്തി വിശ്വാസികൾ പ്രതിഷേധിച്ചതോടെ മടങ്ങുകയായിരുന്നു.
തിങ്കളാഴ്ചയാണ് പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുക. അതിന് മുൻപ് വിധി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം മുളന്തുരുത്തി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഉദ്യോഗസ്ഥരെത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയായിരുന്നു.