Kerala
എൻ.എസ്.എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കും
Kerala

എൻ.എസ്.എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കും

Web Desk
|
4 Sep 2023 12:31 PM GMT

നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

തിരുവനന്തപുരം: എൻ.എസ്.എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനു ആണ് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയത്. ഓഗസ്റ്റ് രണ്ടിനാണ് മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.

അനധികൃതമായി കൂട്ടം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഓഗസ്റ്റ് രണ്ടിന് കേസെടുത്തത്. ഇതാണ് ഇപ്പോൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഘോഷയാത്രയിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടില്ല, പൊതുമുതൽ നശിപ്പിച്ചിട്ടില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. വ്യക്തികളോ സംഘടനകളോ പരാതി നൽകിയിട്ടില്ലെന്ന കാര്യവും ഇതിൽ വ്യക്തമാക്കുന്നു.

പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തലേദിവസമാണ് ഈ നിയമോപദേശം ലഭിക്കുന്നത്. എൻ.എസ്.എസുമായുള്ള പിണക്കം ഒഴിവാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ കൂടി ഭാഗമാണ് കേസ് പിൻവലിക്കുന്നതെന്ന പരാമർശം കൂടിയുണ്ട്.

തിരുവനന്തപുരത്ത് നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കുമെന്ന നിലപാടാണ് സർക്കാർ നേരത്തെ സ്വീകരിച്ചത്.

Similar Posts