ദമ്പതിമാർ കഞ്ചാവ് ലഹരിയിൽ കാറോടിച്ച് വാഹനങ്ങളിലിടിച്ചു; ക്രെയിൻ കുറുകെ നിർത്തി പിടികൂടി പൊലീസ്
|നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയപ്പോൾ പൊലീസ് പിന്തുടരുകയായിരുന്നു
കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ കാറോടിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തിയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. ചിങ്ങവനം സി ഐ പ്രകാശിൻ്റെ നേതൃത്വത്തിലുള്ള സംഘം സെമിനാരിപ്പടി ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.
അഞ്ച് ഗ്രാം കഞ്ചാവും സ്വർണാഭരണങ്ങളും കാറിൽ നിന്ന് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു കേസെടുത്തു. സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ദമ്പതിമാരെ പിടികൂടിയത്. ഇവർക്കെതിരെ മുമ്പും കഞ്ചാവ് കേസുകളുണ്ടെന്നാണ് വിവരം.
അതേസമയം, മറ്റൊരു കേസിൽ 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് വടകരയിൽ വെച്ച് യുവാവിന്റെ കയ്യിൽ നിന്നാണ് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബേപ്പൂർ സ്വദേശി കാഞ്ഞിരമുള്ളതിൽ ബവീഷിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.