കോഴിക്കോട് നിന്ന് കാണാതായ 5 പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍; അന്വേഷണം ഗോവയിലേക്കും
|കാണാതായ 6 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മടിവാള പൊലീസ് സ്റ്റേഷനിലുള്ളത്
കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ 5 പെണ്‍കുട്ടികള്‍ക്കായി പൊലീസ് സംഘം ബെംഗുളൂരുവില്‍ തിരച്ചില്‍ നടത്തും. കുട്ടികള്‍ ഗോവയിലേക്ക് കടന്നിട്ടുണ്ടാവാന്‍ സാധ്യതയുള്ളതായി പൊലീസ് കരുതുന്നു. പെണ്‍കുട്ടികളുടെ ബെംഗളൂരുവിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാവും അന്വേഷണം.
ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രി ഏറെ വൈകിയാണ് ബെംഗുളൂരുവില്‍ എത്തിയത്. കാണാതായ 6 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മടിവാള പൊലീസ് സ്റ്റേഷനിലുള്ളത്. ഓടിപ്പോയ മറ്റു അഞ്ചു പേർക്കായി കേരളത്തില്‍ നിന്നെത്തിയ പൊലീസ് സംഘം ഇന്ന് തിരച്ചില്‍ ആരംഭിക്കും. ബെംഗുളൂരുവില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിച്ചാകും അന്വേഷണം നടത്തുക.
ഇതിനിടെ കുട്ടികള്‍ ഗോവയിലെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കുട്ടികള്‍ ബെംഗുളൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഗോവാ പൊലീസുമായും അവിടത്തെ ഹോട്ടലുകളുമായും പൊലീസ് ബന്ധപ്പെടുന്നുണ്ട്. ഫോണും ഐഡന്‍റിറ്റി കാർഡുമില്ലാത്തതിനാല്‍ കൂടുതല്‍ ദൂരത്തിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. മടിവാള പൊലീസ് സ്റ്റേഷനിലുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് എപ്പോഴാണെന്ന കാര്യം പൊലീസ് ഇന്ന് തീരുമാനിക്കും.