സൈന്യത്തിന്റെ ഇൻസാസ് റൈഫിളും എകെ 47 തോക്കും;മാവോയിസ്റ്റുകളുടെ ആയുധം കേന്ദ്രീകരിച്ച് അന്വേഷണം
|ഇതര സംസ്ഥാനങ്ങളിൽ സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങൾ കേരളത്തിലെത്തിച്ചതായാണ് പൊലീസ് അനുമാനിക്കുന്നത്
വയനാട്: വയനാട്ടിൽ പിടിയിലായ മാവോയിസ്റ്റുകളുടെ ആയുധങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളിൽ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും എകെ 47 തോക്കും ഉണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങളെത്തിച്ചതായാണ് പൊലീസ് നിഗമനം.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളുള്ള ഇതര സംസ്ഥാനങ്ങളിൽ സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങൾ കേരളത്തിലെത്തിച്ചതായാണ് പൊലീസ് അനുമാനിക്കുന്നത്. പിടിച്ചെടുത്ത തോക്കുകളിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും എകെ 47 തോക്കുകളുമുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളറിയാൻ പിടികൂടിയ മാവോയിസ്റ്റുകളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കേരള പൊലീസിനൊപ്പം കർണാടക, തമിഴിനാട് പോലീസും ചോദ്യം ചെയ്യലിനുണ്ട്. അതിനിടെ, കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് അനീഷ് ബാബുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. യുഎപിഎ പ്രകാരമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്. വയനാട് പേരിയയിൽ നിന്ന് ഏറ്റുമുട്ടലിനിടെ കടന്നുകളഞ്ഞ മൂന്ന് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലും തുടരുകയാണ്.
Police investigation focused on the weapons of Maoists caught in Wayanad.