Kerala
Youth Congress fake ID card case, Youth Congress
Kerala

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കാൻ പൊലീസ്

Web Desk
|
18 Nov 2023 1:03 AM GMT

അഞ്ചുദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസ്. അഞ്ച് ദിവസത്തിനുള്ളിൽ കേസിന്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ നിർദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗളിന്റെ ആവശ്യപ്രകാരമാണിത്.

ഇന്നലെ രാത്രിയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് വിഷയത്തിൽ കേസെടുത്തത്. വ്യാജരേഖ ചമച്ചതിന് ഐ.പി.സി 465, 471 വകുപ്പുകൾ പ്രകാരമാണ് കേസ്. ഐ.ടി നിയമപ്രകാരമുള്ള വകുപ്പുകളും ചേർക്കും. കേസിൽ ആരെയും പ്രത്യേകമായി പ്രതി ചേർത്തിട്ടില്ല. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചിരിക്കാൻ സാധ്യതയുള്ള സി.ആർ കാർഡ് ആപ്പ് നിർമിച്ചത് ആരാണോ, അവരായിരിക്കും പ്രതി. ഇത് അന്വേഷണത്തിലേ കണ്ടെത്തൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെയടക്കം മൊഴി രേഖപ്പെടുത്തും. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യും. തങ്ങളോട് വിശദീകരണം തേടിയ തെരഞ്ഞെടുപ്പ് കമ്മീഷന് ഈ സമയത്തിനുള്ളിൽ യൂത്ത് കോൺഗ്രസ്‌ വിശദീകരണവും നൽകിയേക്കും. സംഘടനയ്ക്കുള്ളിൽനിന്നു തന്നെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് എന്ന ആരോപണം ഉയർന്നുവന്നത്. ഇത് പിന്നീട് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ഏറ്റെടുക്കുകയായിരുന്നു.

ഇരു സംഘടനകളും പൊലീസിൽ പരാതി നൽകി. പരാതികളുടെ ഉള്ളടക്കം ഒന്ന് തന്നെയായതുകൊണ്ടാണ് ഏതെങ്കിലും ഒരു പരാതിയിൽ മാത്രം കേസെടുത്താൽ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പരാതിയിൽ കേസെടുത്തത്.

Summary: Police to complete investigation in Youth Congress fake ID card case as soon as possible

Similar Posts