'ഒന്നരമണിക്കൂർ വാതിലിൽ മുട്ടി, തുറന്നില്ല... പ്രശ്‌നമില്ലാതെ വിളിക്കില്ലല്ലോ'- ടി.പി രാമകൃഷ്ണൻ
|"പൊളിറ്റിക്കൽ സ്റ്റണ്ട് ആണെങ്കിൽ എന്ന് പറയാൻ സിപിഎം റെയ്ഡിന് പിന്നിലുണ്ടോ?"
പാലക്കാട്: ഹോട്ടൽ മുറിയിലെ പരിശോധനയുമായി കോൺഗ്രസ് നേതാക്കൾ സഹകരിക്കാതിരുന്നത് എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നത് കൊണ്ടായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുറിയുടെ വാതിൽ ഒന്നര മണിക്കൂർ മുട്ടിയിട്ടും തുറക്കാൻ തയ്യാറായിരുന്നില്ലെന്നും പൊലീസ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും രാമകൃഷ്ണൻ പറയുന്നു.
എൽഡിഎഫ് കൺവീനറുടെ പ്രതികരണം:
ഞാനറിഞ്ഞത് മുറിയിൽ ഒന്നൊന്നര മണിക്കൂർ മുട്ടിയിട്ടും തുറന്നില്ല എന്നാണ്. എന്തെങ്കിലും ഒരു പ്രശ്‌നമില്ലാതെ വിളിക്കില്ലല്ലോ... അതിനെ അവർക്ക് ചോദ്യം ചെയ്യാം. എന്റെ മുറി പരിശോധിക്കാൻ വരികയാണെങ്കിൽ എന്തിനാണ് വന്നതെന്ന് ചോദിച്ച ശേഷം സഹകരിക്കും.
വിവരങ്ങൾ തിരക്കുക എന്നതാണ് നടന്നത്.സിപിഎം പരാതി നൽകിയോ എന്നറിയില്ല. പൊളിറ്റിക്കൽ സ്റ്റണ്ട് ആണെങ്കിൽ എന്ന് പറയാൻ സിപിഎം ഇതിന്റെ പിന്നിലുണ്ടോ... പരാജയം കൊണ്ട് സിപിഎം ഇതൊക്കെ ചെയ്യുകയാണെന്നത് കോൺഗ്രസ് എപ്പോഴും പറയുന്ന കാര്യമല്ലേ... അവരുടെ പരാജയഭീതി ആണത്. അവരുടെ നിലപാടുകൾ അവരുടെ ആളുകൾക്ക് തന്നെ പിടിക്കുന്നില്ല. കോൺഗ്രസിനുള്ളിൽ തന്നെ അതിൽ എതിർപ്പുണ്ട്. അത് എൽഡിഎഫിന് ഗുണം ചെയ്യും. അതിനവർ വേവലാതിപ്പെട്ടിട്ട് എന്ത് കാര്യം.
നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ രാത്രി പാലക്കാട് സാക്ഷ്യം വഹിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്‌ക്കെത്തി എന്നാണ് വിവരം. അർധരാത്രി 12 മണിയോടെ വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലേക്ക് പൊലീസെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.
ബിന്ദു കൃഷ്ണയുടെ മുറിയിൽ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോൾ ഉസ്മാനെയും സമീപിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ച് പൊലീസ് പരിശോധന പൂർത്തിയാക്കി. പരിശോധിച്ച മുറികളിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണിതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
രാഹുലിനായ് കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം രാഹുൽ ഉൾപ്പടെ ഹോട്ടലിൽ ഉണ്ടെന്ന് സിപിഎം-ബിജെപി നേതാക്കൾ ആരോപിച്ചെങ്കിൽ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് അവകാശപ്പെട്ട് രാഹുൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി.
സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. സംഭവത്തെ നിയമപരമായി നേരിടുമെന്നും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.