നടിയെ ആക്രമിച്ച കേസ്: വിഐപിയെ ഉടൻ ചോദ്യംചെയ്തേക്കും
|മുൻകൂർ ജാമ്യഹരജി തീർപ്പായ ശേഷം ദിലീപിനെ ചോദ്യംചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.
നടിയെ ആക്രമിച്ച കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ള വിഐപിയെ ഉടൻ ചോദ്യംചെയ്തേക്കും. മുൻകൂർ ജാമ്യഹരജി തീർപ്പായ ശേഷം ദിലീപിനെ ചോദ്യംചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.
ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചു നൽകിയ വിഐപിയെ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. കൂടുതൽ തെളിവുകൾ നിരത്തി ഇയാളെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യംചെയ്യലിലൂടെ കേസിലുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ചും ആക്രമണ ദൃശ്യങ്ങൾ ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും വ്യക്തത വരും.
ചൊവ്വാഴ്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിന് ശേഷമേ ദിലീപിന്റെ ചോദ്യംചെയ്യൽ ഉണ്ടാകൂ. അതിനു മുൻപ് ദിലീപിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കും. വിചാരണ വേളയിൽ കൂറുമാറിയ സാക്ഷികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവർ കൂറ് മാറാനുണ്ടായ സാഹചര്യം പരിശോധിക്കും. വ്യാഴാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.