സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തൽ; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നീക്കം
|സ്വർണ കവർച്ചക്കിടെ രാമനാട്ടുകരയിലെ വാഹന അപകടത്തിൽ അഞ്ച് പേർ മരിച്ച കേസിലും പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി
മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയേയും സംഘത്തെയും കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. എറണാകുളം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുകയാണ് ആയങ്കിയും സംഘവുമെന്നാണ് കണ്ടെത്തൽ. അർജുൻ ആയങ്കിക്ക് വീണ്ടും കാപ്പ ചുമത്താനും പൊലീസ് നീക്കമുണ്ട്.
2021ലെ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ പ്രതിയായ അർജുൻ ആയങ്കി പിന്നീട് എറണാകുളം കേന്ദ്രീകരിച്ച് സംസ്ഥാനത്തൊട്ടാകെ വേരുകളുള്ള ക്വട്ടേഷൻ സംഘത്തലവനായി പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഈ സംഘം ഉൾപ്പെട്ട കേസുകളെക്കുറിച്ചാണ് പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണ്ണക്കവർച്ച ചെയ്യുന്നതും അർജുൻ ആയങ്കി തുടർന്നു. ഇതിന്റെ ഭാഗമായി കരിപ്പൂരിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാനുള്ള ശ്രമമാണ് പൊലീസ് പിടികൂടിയത്. തുടർന്നാണ് ആയങ്കിയെ കേസിൽ ഒന്നാം പ്രതിയാക്കിയത്. വിശദമായ അന്വേഷണത്തിനൊപ്പം സ്ഥിരം കുറ്റകൃത്യത്തിലേർപ്പെടുന്ന അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനും പൊലീസ് നീക്കമുണ്ട്.
ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ ഒരു മാസം മുമ്പാണ് റദ്ദാക്കിയത്. 2017നു ശേഷം തന്റെ പേരിൽ കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ചൂണ്ടികാട്ടി നൽകിയ അപ്പീലിലായിരുന്നു അഡൈ്വസറി ബോർഡിന്റെ ഉത്തരവ്. 2021ലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ പ്രതിയായിരുന്നെങ്കിലും വാഹനപാകട കേസിൽ പ്രതിയായിരുന്നില്ല. സ്വർണ കവർച്ചക്കിടെ രാമനാട്ടുകരയിലെ വാഹന അപകടത്തിൽ അഞ്ച് പേർ മരിച്ച കേസിൽ അർജുൻ ആയങ്കി പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇതോടൊപ്പമാണ് വീണ്ടും കാപ്പ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നത്. അതേസമയം, റിമാൻഡിലായ അർജുൻ ആയങ്കിക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ആയങ്കിയെയും കൂട്ട് പ്രതികളേയും കസ്റ്റഡിയിൽ വാങ്ങുന്നത്.