'ആര്.എസ്.എസിനെതിരെ പ്രതികരിക്കുന്നവരെ വേട്ടയാടുന്ന പൊലീസ് നീക്കം അവസാനിപ്പിക്കണം': വെല്‍ഫയര്‍ പാര്‍ട്ടി
|കേരളത്തിലെ പൊലീസിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി
ആര്.എസ്.എസിനെതിരെ പ്രതികരിക്കുന്നവരെ വേട്ടയാടുന്ന പൊലീസ് നീക്കം അവസാനിപ്പിക്കണമെന്ന് വെല്‍ഫയര്‍പാര്‍ട്ടി. പൊലീസ് നടപടികള്‍ക്ക് വിധേയരാകുന്നവര്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഹായം നൽകും. കേരളത്തില്‍ പൊലീസിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഓപ്പറേഷന് കാവലിന്റെ പേരില്‍ പൌരത്വ സമരക്കാരെയും ക്രിമിനലുകളായി മുദ്രകുത്താനാണ് പൊലീസ് നീക്കമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ് വേട്ടയാടുന്നതായി പരക്കെ ആക്ഷേപമുയരുന്ന പശ്ചത്തലത്തില്ക്കൂടിയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രസ്താവന. ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും അമർച്ച ചെയ്യാനായി ആരംഭിച്ച ഓപറേഷൻ കാവലിൻറെ പേരില്‍ പലരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായാണ് പരാതി ഉയരുന്നത്. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഓപ്പറേഷന് കാവലിന്റെ പേരില്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാന്‍ ഓപറേഷൻ കാവൽ എന്ന പേരിൽ ഈ മാസം 18 നാണ് പൊലീസ് നടപടി ആരംഭിച്ചത്. ഇതിൻറെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സാമൂഹ്യപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ് പൊലീസ്. മുൻകാലങ്ങളിൽ ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെയും ഗുണ്ടാലിസ്റ്റിൽ പെടുത്തിയതായും ആക്ഷേപമുണ്ട്.
കോഴിക്കോട് ജില്ലയിൽ മാത്രം 26 പേരെയാണ് പൊലീസ് വിളിച്ചുവരുത്തിയത്. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത നിരവധി ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഗുണ്ടാലിസ്റ്റിലുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചുവരുത്തിയതെന്ന് ആക്ടിവിസ്റ്റായ നസീറ നീലോത്ത് പറഞ്ഞു. അതേസമയം സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച പൊലീസ് തന്നോട് മോശം സമീപനമാണ് സ്വീകരിച്ചതെന്ന് മാധ്യമ പ്രവർത്തകനായ ഷഫീഖ് താമരശ്ശേരിയും മീഡിയവണ്ണിനോട് പറഞ്ഞു