Kerala
സ്വർണക്കടത്ത് സംഘാംഗങ്ങളായ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ
Kerala

സ്വർണക്കടത്ത് സംഘാംഗങ്ങളായ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ

Web Desk
|
3 May 2022 2:39 AM GMT

തടവിലാക്കപ്പെട്ടവരേയും പ്രതികളേയും ബംഗളൂരുവിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്

കോഴിക്കോട്: സ്വർണക്കടത്ത് സംഘാംഗങ്ങളായ യുവാക്കളെ തട്ടിക്കൊണ്ടു പോയ നാലംഗ ക്വട്ടേഷൻ സംഘത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. ബംഗളൂരുവിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇവർ തട്ടിക്കൊണ്ടു പോയ കോഴിക്കോട് മായനാട് സ്വദേശി ഫാസിൽ, നടുവണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീർ എന്നിവരെ പൊലീസ് മോചിപ്പിച്ചു.

മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീർ, പൂനാടത്തിൽ ജയരാജൻ, ഇല്ലിക്കൽ മുഹമ്മദ് റൗഫ്,കടലുണ്ടി സ്വദേശി തൊടിപുഴക്കൽ രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ദുബൈയിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വർണവുമായി കാരിയറായ വയനാട് പടിഞ്ഞാറത്തറ സ്വദേശി അബ്ദുൾ നിസാർ കടന്നു കളഞ്ഞിരുന്നു. സ്വർണം കടത്താനായി നിസാറിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മുഹമ്മദ് ഷഹീറും, ഫാസിലുമാണ്.

ഇവരുടെ കൂടി അറിവോടെയാണ് സ്വർണം തട്ടിയതെന്ന സംശയത്തിലാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് സ്വർണക്കടത്തു സംഘം ഇരുവരേയും തട്ടിക്കൊണ്ടു പോയത്. ഈങ്ങാപ്പുഴയിലെ വീട്ടിലായിരുന്നു ആദ്യം താമസിപ്പിച്ചതെങ്കിലും പൊലീസ് തെരച്ചിൽ തുടങ്ങിയതോടെ മൈസൂരുവിലേക്ക് കടന്നു. ഇതിനിടെ മൊബൈൽ ഫോൺ ജയ്പൂരിലേക്കുള്ള ട്രെയിനിൽ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിക്കാനും ശ്രമമുണ്ടായി.

തടവിലാക്കപ്പെട്ടവരേയും പ്രതികളേയും ബംഗളൂരുവിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. സ്വർണക്കടത്തിനു പിന്നിൽ കൊടുവള്ളിയിൽ നിന്നുള്ള സംഘമാണെന്നും മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകായാണെന്നും പൊലീസ് അറിയിച്ചു.

Similar Posts