Kerala
ameen hassan vadakara police station
Kerala

കള​മശ്ശേരി സ്ഫോടനം: മുസ്‍ലിം യുവാക്കളെ കരുതൽ തടങ്കലിൽ വെ​ച്ചെന്ന വാർത്തയിൽ പ്രതികരിച്ച അഭിഭാഷകന് പൊലീസ് നോട്ടീസ്

Web Desk
|
21 April 2024 3:13 AM GMT

2023 നവംബറിലെടുത്ത കേസിലാണ് വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്

കോഴിക്കോട്: കളമശ്ശേരി ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുസ്‍ലിം ചെറുപ്പക്കാരെ പൊലീസ് അന്യായമായി മണിക്കൂറുകളോളം കരുതൽ തടങ്കലിൽ വെച്ചെന്ന വാർത്തയിൽ പ്രതികരണം നൽകിയതിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ്. മലപ്പുറം മോങ്ങം സ്വദേശി അമീൻ ഹസ്സനാണ് വടകര പൊലീസ് നോട്ടീസ് നൽകിയത്. ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന് മക്തൂബ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്. ഇതിലായിരുന്നു അമീൻ ഹസ്സന്റെ പ്രതികരണം. എന്തുകൊണ്ട് പൊലീസ് ആർ.എസ്.എസുകാരയോ കാസയുടെ പ്രവർത്തക​രെയോ സംശയിക്കാതെ കള്ളക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാരെ സംശയിക്കുന്നു എന്നാണ് അമീൻ ഹസ്സൻ വാർത്തയിൽ പ്രതികരിച്ചത്.

വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമ​പ്രവർത്തകൻ റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയും വടകര പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തുറന്നുകാട്ടിയതിന്‌ കലാപാഹ്വാനത്തിനുള്ള ഐ.പി.സി 153 കുറ്റം ചുമത്തിയാണ് കേസെടുത്തത്. മക്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യാലക്കലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയക്കുകയും ചെയ്തു. ഈ കേസിലാണ് അഭിഭാഷകൻ അമീൻ ഹസ്സനെയും പ്രതി ചേർത്തിരിക്കുന്നത്.

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാമിനെയടക്കം അഞ്ചു മുസ്‍ലിം യുവാക്കളെയാണ് കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് പൊലീസ് കരുതൽ തടങ്കലിൽ വെച്ചത്. സ്​ഫോടനത്തിന് പിന്നാലെ തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് നിസാമിനെ കൊണ്ടുപോയത്. കളമളശ്ശേരി സ്​ഫോടന കേസിലെ പ്രതി മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് നിസാമിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു.

അന്ന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുകയാണെന്ന് അമീൻ ഹസ്സൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്തുകൊണ്ട് കേരളാ പൊലീസ് മുസ്ലിം ചെറുപ്പക്കാരോട്/ സമുദായത്തോട് മുൻവിധിയോടെ പെരുമാറി? ആ ചോദ്യം കലാപ സാധ്യതയുള്ള പ്രകോപനം ഉണ്ടാക്കുന്നത് എങ്ങനെ? ഇവിടെ ഭരണകൂട വിമർശം പാടില്ല എന്ന് തന്നെയാണ് പൊലീസ് പറയാൻ ശ്രമിക്കുന്നത്. അതിന് വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അമീൻ ഹസ്സൻ ഫേസ്ബുക്കിൽ കുറിച്ചു.

Similar Posts