Kerala
Police notice to RMP leader KS Hariharan over Misogynistic remarks
Kerala

സ്ത്രീവിരുദ്ധ പരാമർശം; ആർഎംപി നേതാവ് കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ്

Web Desk
|
16 May 2024 8:15 AM GMT

സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് ഹരിഹരനെതിരെ കേസെടുത്തത്.

വടകര: ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും നടി മഞ്ജുവാര്യർക്കുമെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് നോട്ടീസയച്ചത്. നാളെ രാവിലെ 11 മണിക്ക് വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.

സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് കെ.എസ് ഹരിഹരൻ അറിയിച്ചു. വടകരയിൽ യുഡിഎഫ്- ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാകും' എന്നായിരുന്നു പരാമർശം.

ഇത് വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ആർഎംപി, കോൺ​ഗ്രസ് നേതാക്കളടക്കം തള്ളിപ്പറഞ്ഞ് രം​ഗത്തെത്തുകയും ചെയ്തോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും കെ.എസ് ഹരിഹരൻ വ്യക്തമാക്കിയിരുന്നു.

Similar Posts