പൊലീസ് ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് സർക്കാർ നിർദേശം
|ഇന്ധന ഉപഭോഗം വകുപ്പ് മേധാവികൾ നിരീക്ഷിക്കണമെന്നും മൈലേജ് കുറഞ്ഞ വാഹനങ്ങൾ ഒഴിവാക്കണമെന്നും ആഭ്യന്തര വകുപ്പ്നിർദേശിച്ചു
പൊലീസ് ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് സർക്കാർ നിർദേശം. വില ഉയർന്ന സാഹചര്യത്തിൽ ഉപയോഗം വർധിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നു. ഇന്ധന ഉപഭോഗം വകുപ്പ് മേധാവികൾ നിരീക്ഷിക്കണമെന്നും മൈലേജ് കുറഞ്ഞ വാഹനങ്ങൾ ഒഴിവാക്കണമെന്നും ആഭ്യന്തര വകുപ്പ്നിർദേശിച്ചു.
രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാർ ചർച്ച പൂർത്തീകരിച്ചു ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും ഇന്ധനവില ഉയരും. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സർക്കാർ എണ്ണവില കുറച്ചത്.
ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.