നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പൊലീസ് കേസെടുത്തു
|ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.
കോട്ടയം: ചങ്ങനാശേരി പെരുന്നയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.
ഐ.പി.സി 429 പ്രകാരമാണ് കേസെടുത്തത്. ഇന്നലെയാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. ഒരു സ്ത്രീയെ നായ കടിക്കാൻ ചെന്നതിനു പിന്നാലെയായിരുന്നു ഈ സംഭവം.
നായയെ കൊന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. അതേസമയം, നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി ജഡം തിരുവല്ല വെറ്ററിനറി ലാബിലേക്ക് മാറ്റും.
കഴിഞ്ഞദിവസം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ചങ്ങനാശേരിയിലും സമാന സംഭവമുണ്ടായത്.
ചത്ത നായ്ക്കളുടെ മൃതദേഹം വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.