Kerala
Police registered a case in Elderly couple was beaten up in Malappuram
Kerala

മലപ്പുറത്ത് വയോധിക ദമ്പതികളെ മർ​ദിച്ച സംഭവം; പൊലീസ് കേസെടുത്തു

Web Desk
|
12 Oct 2024 2:31 PM GMT

അന്യായമായി തടഞ്ഞുവച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്കും മകനും ബന്ധുക്കൾക്കും ക്രൂര മർ​ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂവളപ്പിൽ സ്വദേശി അബ്ദുൽ കലാമിനും മക്കൾക്കുമെതിരെയാണ് കേസ്. ഇയാളുടെ മകൻ മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇയാളെ കൂടാതെ അബ്ദുൽ കലാം, മറ്റു മക്കളായ റാഷിദ്, ഹാഷിം എന്നിവരാണ് പ്രതികൾ.

വേങ്ങര സ്വദേശികളായ അസൈൻ, ഭാര്യ പാത്തുമ്മ, മകൻ മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ളവർക്കാണ് മർദനമേറ്റത്. ഇവരുടെ പരാതിയിലാണ് പാെലീസ് നടപടി. അന്യായമായി തടഞ്ഞുവച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബഷീർ കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിന് അബ്ദുൽ കലാമും മക്കളും ചേർന്ന് മർദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ‌പരിക്കേറ്റ അസൈനും പാത്തുമ്മയും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മർദന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തന്റെ സുഹൃത്തും അബ്ദുൽ കലാമിന്റെ മകനുമായ സപ്പർ എന്നുവിളിക്കുന്ന മുഹമ്മദ് എന്നയാൾക്ക് ഒന്നര വർഷം മുമ്പ് 23 ലക്ഷം രൂപ കടം കൊടുത്തിരുന്നതായി ബഷീർ പറയുന്നു.

മാസങ്ങൾക്കകം തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ പറഞ്ഞ അവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെ പലതവണ ചോദിച്ചെങ്കിലും കൊടുത്തില്ലെന്നും പൊലീസിനെ സമീപിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും തിരികെനൽകാൻ മുഹമ്മദ് തയാറായില്ലെന്നും ബഷീറിന്റെ കുടുംബം പറയുന്നു.

ഇതോടെ ഇന്നലെ ബഷീറും കുടുംബവും മുഹമ്മദിന്റെ വീടിന് സമീപം നിരാഹാര സമരം തുടങ്ങി. ഇതിനിടെയാണ് മുഹമ്മദും പിതാവായ അബ്ദുൽ കലാമും സംഘവുമെത്തി ബഷീറിനെയും ഉമ്മയെയും പിതാവിനേയും കുടുംബാം​ഗങ്ങളേയും ക്രൂരമായി മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ബഷീറിന്റെ ഉമ്മ 62കാരിയായ പാത്തുമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൃദ്രോഗിയായ ഇവരുടെ തലയ്ക്കും നെഞ്ചിനുമടക്കം മർദനമേറ്റു.

എന്നാൽ, ബഷീറിൽനിന്ന് 23 ലക്ഷം രൂപ കടം വാങ്ങിയിട്ടില്ലെന്നും മൂന്ന് ലക്ഷം രൂപ മാത്രമാണുള്ളതെന്നുമാണ് മുഹമ്മദ് പറയുന്നത്. ഇതിൽ രണ്ടേമുക്കാൽ ലക്ഷവും കൊടുത്തു. ബഷീറും കുടുംബവും വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും 25,000 രൂപ മാത്രമേ ഇനി കൊടുക്കാനൂള്ളുവെന്നും മുഹമ്മദ്‌ പറഞ്ഞു. തങ്ങളെ മർദിച്ചെന്നാരോപിച്ച് മുഹമ്മദും പൊലീസിൽ പരാതി നൽകി.



Similar Posts