ട്രെയിനിൽ തീവെച്ച അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു
|സാക്ഷി റസാഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്.
കോഴിക്കോട്: ട്രെയിനിലെ തീവെപ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷി റസാഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു രേഖാചിത്രം തയ്യാറാക്കിയിരുന്നത്. അക്രമി ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. നേരത്തെ പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഡോഗ് സ്ക്വോഡ് ഉള്‍പ്പടെയുളള സംഘമാണ് പരിശോധന നടത്തുന്നത്.
അതേസമയം ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാലുവഴിക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമി ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാളാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഡി.ജി.പി കണ്ണൂരിലേക്ക് തിരിച്ചു. ഉച്ചയോടെ അദ്ദേഹം കണ്ണൂരിലെത്തും.
കൃത്യത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ സംസാരിക്കുന്നതും ബൈക്കിൽ കയറി കയറി രക്ഷപ്പെടുന്നതും പതിഞ്ഞിട്ടുണ്ട്. അതേസമയം സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട യുവാവുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് ദൃക്സാക്ഷി ലതീഷ് പറഞ്ഞു. മുഖം വ്യക്തമായിരുന്നില്ല. എന്നാൽ ഉയരവും ഷർട്ടിന്റെ നിറവും ഏറക്കുറെ വ്യക്തമാണെന്നും ലതീഷ് പറഞ്ഞു.