കെ.വി ശശികുമാറിനെതിരായ പോക്സോ കേസിൽ പൊലീസിന്റെ റിപ്പോർട്ട് തേടും: വനിത കമ്മീഷൻ
|'റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും'
മലപ്പുറം: മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലർ കെ.വി ശശികുമാറിനെതിരായ പോക്സോ കേസിൽ പൊലീസിന്റെ റിപ്പോർട്ട് തേടുമെന്ന് വനിത കമ്മീഷൻ. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. സെന്റ് ജെമ്മാസ് സ്കൂളിലെ പൂർവ വിദ്യാർഥികളുടെ പരാതി വനിത കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും വർഷങ്ങളായി പീഡനം നടന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും സ്കൂൾ സന്ദർശിച്ച ശേഷം വനിതാ കമ്മീഷൻ അധ്യക്ഷൻ പി സതീദേവി പറഞ്ഞു.
30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിനെതിനെതിരെ ഉയർന്ന പരാതി. മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്നു ശശികുമാർ. സമൂഹമാധ്യമങ്ങളിലൂടെ മീടൂ ആരോപണം ഉയർന്നതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെക്കുകയായിരുന്നു.
സ്കൂളിൽനിന്ന് വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെക്കുറിച്ച് ശശികുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നുവന്നത്. പൊലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് വയനാട്ടിലെ മുത്തങ്ങക്കടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നാണ് ശശികുമാർ പിടിയിലായത്.