Kerala
കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു; അഞ്ച് പേർ കസ്റ്റഡിയിൽ
Kerala

കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു; അഞ്ച് പേർ കസ്റ്റഡിയിൽ

Web Desk
|
6 Nov 2022 5:28 PM GMT

വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് മോചിപ്പിച്ചത്. പിന്നാലെ അരവിന്ദ് ഷാജ് ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി വസ്തുക്കൾ വാങ്ങിയതിന്റെ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയത്.

വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഇയാളെ മോചിപ്പിച്ചത്. ഇന്ന് രാവിലെയാണ് അരവിന്ദ് ഷാജിനെ അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. മണിക്കൂറുകളോളം ഇയാളെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വൈകീട്ട് ആറോടെ ഒരു ഫോണ്‍ കോള്‍ വരികയും അരവിന്ദ് ഷാജ് തങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇത് തിരിച്ചുനല്‍കണമെന്നും സംഘം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് അരവിന്ദ് ഷാജിന്റെ കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മെഡി. കോളജ് എസ്.ഐയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. കുടുംബത്തിന് ഈ സംഘം വിളിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് വെള്ളയില്‍ വച്ച് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് മറ്റ് നാലു പേരെയും അരവിന്ദ് ഷാജിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അരവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. അരവിന്ദ് ഇവരില്‍ നിന്ന് ലഹരി വാങ്ങാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടുപോവലിലേക്ക് നയിച്ചത്. വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മര്‍ദനമേറ്റ അരവിന്ദ് ഷാജ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Posts