വിദ്യക്ക് പുതിയ സിം കാർഡ്, വിവരങ്ങൾ നൽകാൻ ആളുകൾ; സുഹൃത്തുക്കൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്
|ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെയും കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് പറയുന്നത്. വിദ്യ ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലെന്നും പോലീസ് വിശദീകരിച്ചു.
പാലക്കാട്: വിദ്യയെ സഹായിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. ഒളിവിൽ കഴിയുന്ന സമയം വിദ്യയെ സഹായിച്ചത് സുഹൃത്തുക്കളാണ്. എസ്എഫ്ഐയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. വിവരങ്ങൾ കൈമാറാൻ വിദ്യക്ക് ഇവർ പുതിയ സിം കാർഡ് നൽകിയിരുന്നു. ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെയും കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് പറയുന്നത്. വിദ്യ ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലെന്നും പോലീസ് വിശദീകരിച്ചു.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് നിര്മിച്ചിട്ടില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് വിദ്യ. ബയോഡാറ്റയിലെ 'മഹാരാജാസ്' പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവർത്തിച്ചു.
അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിനെതിരെ ഉന്നയിച്ച ആരോപണവും വിദ്യ ആവർത്തിച്ചു . അട്ടപ്പാടി കോളജിലെ അഭിമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ പോലീസിനോട് പറഞ്ഞു. ഇത് തന്റെ തലയിലാക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നും വിദ്യ പറഞ്ഞു.