12 വയസുകാരനെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവം; താഹിറ ലക്ഷ്യമിട്ടത് മുഴുവൻ കുടുംബാംഗങ്ങളെയുമെന്ന് പൊലീസ്
|ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ 12 വയസുകാരനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി താഹിറ ലക്ഷ്യമിട്ടത് മുഴുവൻ കുടുംബാംഗങ്ങളെയും എന്ന് പൊലീസ്. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
തിങ്കളാഴ്ചയാണ് ആറാം ക്ലാസ് വിദ്യാർഥി കൊയിലാണ്ടി അരിക്കുളം കോറോത്ത് അഹമ്മദ് ഹസ്സൻ റിഫായി വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ അന്വേഷണമെത്തി നിന്നത് പിതാവ് മുഹമ്മദ് അലിയുടെ സഹോദരിയിലാണ്. ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയെന്ന് പിതൃസഹോദരിയുടെ കുറ്റസമ്മതം നടത്തി. സഹോദരൻ മുഹമ്മദ് അലിയുടെ ഭാര്യയുമായുള്ള അസ്വാരസ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതിനിടെ പ്രതി അരിക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഐസ്‌ക്രീം കഴിച്ച റിഫായിക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ കുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തി. അമോണിയം ഫോസ്ഫറസ് എന്ന രാസവസ്തുവാണ് കണ്ടെത്തിയത്.