ശുചിമുറിയിലെ പൊട്ടിയ ബക്കറ്റിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ; ജീവൻ രക്ഷിച്ചത് പൊലീസ് ഇടപെടൽ
|ഒന്നരക്കിലോ മാത്രം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
പത്തനംതിട്ട: മാതാവ് ശുചിമുറിയിൽ ഉപേക്ഷിച്ച നവജാതശിശുവിന്റെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ്. ആറന്മുളയിലായിരുന്നു പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയാണ് ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം ചെങ്ങന്നൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് ആറന്മുളയിലെ വീട്ടിലെത്തി പരിശോധന നടത്തി.അപ്പോഴാണ് ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ ബക്കറ്റിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. ഉടൻ തന്നെ ബക്കുമെടുത്ത് പൊലീസ് ആശുപത്രിയിലേക്കോടി. ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം കുട്ടിയെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഒന്നരക്കിലോ മാത്രം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏകദേശം മൂന്നരമണിക്കൂറിന് ശേഷമായിരുന്നു പൊലീസ് കുഞ്ഞിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായതുകൊണ്ടാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറയുന്നു.
ആറന്മുള കോട്ട സ്വദേശിയായ യുവതി ഇന്ന് രാവിലെയാണ് വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ചത്. ജനിച്ച ഉടൻ കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ച ഇവർ അമ്മയുടെ സഹായത്തോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. മാസം തികയാതെയാണ് യുവതി പ്രസവിച്ചതെന്നും ആശുപത്രി അധികൃതർപറയുന്നു. അതുകൊണ്ട് തന്നെ പ്രസവത്തിനുള്ള യാതൊരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രസവം നടന്നത്.
ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച കാര്യം യുവതി പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്ന കുഞ്ഞിന്റെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് , IPC വകുപ്പുകൾ പ്രകാരം ആറന്മുള പൊലീസ് കേസെടുത്തു. ഇവരുടെ ചികിത്സ പൂർത്തിയായതിന് പിന്നാലെ കേസിന്റെ തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.