![കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ സംഘമല്ലെന്ന് പൊലീസ് കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ സംഘമല്ലെന്ന് പൊലീസ്](https://www.mediaoneonline.com/h-upload/2022/10/05/1323307-metro-grafitti.webp)
കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇറ്റാലിയൻ സംഘമല്ലെന്ന് പൊലീസ്
![](/images/authorplaceholder.jpg?type=1&v=2)
മെട്രോ സി.ഐയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്
കൊച്ചി മെട്രോയിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഗുജറാത്തിൽ പിടിയിലായ ഇറ്റാലിയൻ സംഘമല്ലെന്ന് സ്ഥിരീകരണം. സെപ്തംബറിലാണ് അഹമ്മദാബാദിൽ പിടിയിലായ ഇറ്റാലിയൻ സംഘം ഇന്ത്യയിലെത്തിയത്. എന്നാൽ കൊച്ചി മെട്രോയിൽ അക്ഷര ചിത്രം വരച്ചത് മെയ് മാസത്തിലാണ്. മെട്രോ സി.ഐയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച പ്രതികളെ പൊലീസ് പിടികൂടിയപ്പോൾ കൊച്ചി മെട്രോ പോലീസ് അവിടെയെത്തി പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇറ്റാലിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത് സെപ്റ്റംബർ 24നാണെന്ന് മനസിലായതോടെ കൊച്ചിയിൽ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിൽ നിന്ന് മടങ്ങി.
രാജ്യവ്യാപകമായി ഗ്രാഫിറ്റി വാൻറലിസം പ്രചരിപ്പിക്കുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ നാലുപേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച്ച അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപാണ് ടാസ് എന്ന് ഗ്രാഫിറ്റി വരച്ച് ഇവർ കടന്നുകളഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊച്ചി ഉൾപ്പടെ ജയ്പൂർ, ദില്ലി, മുബൈ മെട്രോ സ്റ്റേഷനിലെ ഗ്രാഫിറ്റിക്ക് പിന്നിലും ഇവരെന്ന സൂചന പുറത്തുവന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ കൊച്ചി മെട്രോയുടെ തന്ത്രപ്രധാനമേഖലയായ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ അക്ഷര ചിത്രം വരച്ച് ഒരു സംഘം കടന്നുകളഞ്ഞത്. നഗരത്തിൽ സ്‌ഫോടനമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കലാകാരന്മാരെങ്കിലും കല വിധ്വംസക ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവർ എന്ന് കണ്ടെത്തിയെങ്കിലും ഈ രാജ്യാന്തര സംഘത്തിലേക്കെത്താൻ കൊച്ചി പൊലീസിന് കഴിഞ്ഞിരുന്നില്ല.