മൃതദേഹങ്ങൾ ബക്കറ്റുകളിലാക്കി കുഴിച്ചിട്ടു; ഷാഫി ക്രൂരതയിൽ നിന്നും ആനന്ദം കണ്ടെത്തുന്നയാൾ
|താൻ വിഷാദ രോഗിയാണെന്ന് ലൈല കോടതിയില്‍
ഇലന്തൂർ നരബലിക്കേസിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. കൊലചെയ്യപ്പെട്ട റോസ്‌ലിന്റെയും പത്മയുടെയും മൃതദേഹങ്ങൾ ബക്കറ്റിലാക്കി കുഴിച്ചിട്ടു. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. റോസ്‌ലിനെ അതി ക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടു. വായിൽ തുണി തിരുകി. ജീവനോടെ റോസ്‌ലിന്റെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കി. ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം താനൊരു വിഷാദ രോഗിയാണെന്നായിരുന്നു ലൈലയുടെ വാദം.
അതേസമയം റോസ്ലിനെ കൊന്ന ശേഷം ശരീര ഭാഗങ്ങൾ മുറിച്ചെടുത്ത് ഷാഫിക്ക് കറി വെച്ച് നൽകിയെന്നും ഇത് ഷാഫി കഴിച്ചെന്നുമാണ് ലൈയുടെ മൊഴി. കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാകാൻ ഇങ്ങനെ ചെയ്യണം എന്നായിരുന്നു ഷാഫി പറഞ്ഞത്. പത്മത്തിന്റെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിച്ചതായും പ്രതികൾ മൊഴി നൽകി. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
ഷാഫി എന്ന 'കൊടും കുറ്റവാളി'
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു ആനന്ദം കണ്ടെത്തുന്ന ആളായിരുന്നു ഷാഫി. ഇതിനായാണ് ഇലന്തൂരിലെ ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചു റോസ്‌ലിനെയും പത്മത്തെയും കൊന്നത്. ഷാഫി കൊടും കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇലന്തൂരിൽ എത്തിയശേഷം പത്മവും ഷാഫിയും തമ്മിൽ പണത്തെ ചൊല്ലി വാക്കുതർക്കമുണ്ടായി. കേബിൾ ഉപയോഗിച്ച് ഷാഫി പത്മത്തിന്റെ കഴുത്തിൽ മുറുക്കി. അബോധാവസ്ഥയിലാണ് പത്മത്തെ കട്ടിലിൽ കെട്ടിയിട്ടത്. പത്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി നിർദേശിച്ചതനുസരിച്ചു ലൈലയാണ് കത്തി കുത്തിയിറക്കിയത്. 2020ൽ കോലഞ്ചേരിയിൽ പീഡനത്തിന് ഇരയായ വൃദ്ധയുടെ സ്വകാര്യ ഭാഗത്തും ഷാഫി കത്തി കൊണ്ട് മുറിവേൽപിച്ചിരുന്നു. മാറിടം മുതൽ അടിവയർ വരെ കത്തിയുപയോഗിച്ച് വരഞ്ഞ് കീറുകയും ചെയ്തു. സമാനമായ രീതിയിലാണ് പത്മത്തിനെയും റോസ്‌ലിനെയും പ്രതികൾ ആക്രമിച്ചത്
നരബലിക്കേസിലെ മൂന്ന് പ്രതികളെയും കൊണ്ടുള്ള പൊലീസിന്റെ യാത്രകളും നടപടിക്രമങ്ങളും അതിസൂക്ഷമമായിരുന്നു. പ്രതികളെ മൂന്ന് പേരെയും പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിൽ എത്തിച്ച പൊലീസ് ഷാഫിയെയും ഭഗവൽ സിംഗിനെയും കടവന്ത്ര പൊലീസ് സ്റ്റേഷനിലും ലൈലയെ വനിതാ സെല്ലിലേക്കും മാറ്റി. രാവിലെ തന്നെ പ്രതികളെ കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു. 8 മണിയോടെ ഡിസിപി എസ് ശശിധരനെത്തി നടപടികൾക്ക് വേഗം കൂട്ടി.
എട്ടരയോടെ ലൈലയെയും സ്റ്റേഷനിൽ എത്തിച്ചു. ഇതോടെ കസ്റ്റഡി അപേക്ഷയും തയ്യാറാക്കി പൊലീസ് വാഹനം സജ്ജമാക്കി. ആദ്യം വെള്ള തുണിയിൽ മുഖം മറച്ച് വിലങ്ങ് വച്ച് ഷാഫിയെ മാത്രമായി ഒരു വാഹനത്തിൽ കയറ്റി. തുടർന്ന് ഭഗവൽ സിംഗിനെയും ലൈലയെയും മുഖം മറച്ച് വിലങ്ങ് വച്ച് മറ്റൊരു വാഹനത്തിൽ കയറ്റി. വൈദ്യ പരിശോധന കഴിഞ്ഞ രാത്രിയിൽ തന്നെ പൂർത്തിയാക്കിയതിനാൽ മൂന്ന് പേരെയും ഒൻപതേമുക്കാലോടെ എറണാകുളം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെത്തിച്ചു.
പ്രതികള്‍ക്കുവേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂരാണ് ഹാജരായത്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നും പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുമെന്നും ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പ്രതികളെ പിന്നീട് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.