Kerala
Police says Youth Congress leader committed more fraud
Kerala

യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്; എം.പിയുടെ പേര് പറഞ്ഞ് പണം വാങ്ങി

Web Desk
|
7 Dec 2023 4:27 PM GMT

അരവിന്ദ് ആരോഗ്യവകുപ്പിൽ ജോലി വാങ്ങിനൽകാമെന്ന തട്ടിപ്പ് നടത്തിയത് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് പറഞ്ഞാണെന്നും പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ കൂടുതൽ തട്ടിപ്പ് നടത്തിയതായി പൊലീസ്. ബി.എസ്.സി നഴ്സിങ് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി. അരവിന്ദ് ആരോഗ്യവകുപ്പിൽ ജോലി വാങ്ങിനൽകാമെന്ന തട്ടിപ്പ് നടത്തിയത് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് പറഞ്ഞാണെന്നും പൊലീസ് കണ്ടെത്തി.

എം.പി ക്വാട്ടയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞാണ് അരവിന്ദ് ആലപ്പുഴ സ്വദേശിനിയിൽ നിന്ന് പണം വാങ്ങിയത്. ആന്റോ ആന്റണിയുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു അരവിന്ദ് യുവതിയോട് പറഞ്ഞത്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും തുടർന്ന് സംസ്ഥാന സെക്രട്ടറിയുമായ വ്യക്തിയുടെ അവകാശവാദം യുവതി വിശ്വസിച്ചു. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലിക്കായി അരവിന്ദ് ആവശ്യപ്പെട്ട 50,000 രൂപ യുവതി കൈമാറി.

വിശ്വാസ്യതയ്ക്കായി ആരോഗ്യവകുപ്പ് സെക്ഷൻ ഓഫീസർ വി. സോമസുന്ദരൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇയാൾ നൽകി. ഉത്തരവിൽ ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റർ പാഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകളും ഉപയോഗിച്ചിട്ടുണ്ട്. നിയമന ഉത്തരവ് വിശ്വസിച്ച യുവതി ഇതുമായി ജോലിക്ക് പ്രവേശിക്കാൻ ചെന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.

ഇതേക്കുറിച്ച് ആരോഗ്യവകുപ്പാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതു കൂടാതെ അരവിന്ദ് കൂടുതൽ തട്ടിപ്പുകൾ നടത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പല ഘട്ടങ്ങളിലായി അഞ്ചുപേർ തട്ടിപ്പുകൾക്ക് ഇരകളായിട്ടുണ്ടെന്നും ഇവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ റിമാൻഡിലുള്ള അരവിന്ദിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകും. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക.

Similar Posts