Kerala
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന
Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന

Web Desk
|
21 Nov 2023 8:27 AM GMT

രണ്ട് ദിവസത്തിനകം മ്യൂസിയം പൊലീസിൽ ഹാജരാകണമെന്ന് ഇവരോട് നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന. പത്തനംതിട്ട അടൂർ ഏഴംകുളത്തെ രണ്ട് പ്രവർത്തകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

അഭിനന്ദ് വയല, ബിനിൽ ബിനു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. വീട്ടിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പരിശോധന നടന്നത്. അഭിനന്ദിന്റെ മൊബൈൽ പൊലീസ് പിടിച്ചെടുത്തു. ഇതു കൂടാതെ മറ്റ് ചില ഡിജിറ്റൽ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.

രണ്ട് ദിവസത്തിനകം മ്യൂസിയം പൊലീസിൽ ഹാജരാകണമെന്ന് ഇവരോട് നിർദേശിച്ചിട്ടുണ്ട്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടന്നേക്കും. ആദ്യമായാണ് കേസിൽ പ്രത്യക്ഷ പരിശോധനയിലേക്ക് പൊലീസ് കടന്നത്.

അതേസമയം, കേസിൽ ഒരു വശത്ത് മൊഴിയെടുപ്പ് പൂർത്തിയാക്കിവരികയാണ്. ഇതിനായി മൊഴിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പരാതിപ്പെട്ട നേതാക്കളുടെയും പ്രവർത്തകരുടേയും മൊഴി ശേഖരിച്ചുവരുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതിനിടെ, കേസിൽ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസയച്ചത്.

Similar Posts