കേന്ദ്ര സുരക്ഷയുടെ ഉത്തരവ് ലഭിച്ചില്ല; രാജ്ഭവനിൽ പൊലീസ് സുരക്ഷ തുടരുന്നു
|ഉത്തരവ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം
തിരുവനന്തപുരം: രാജ്ഭവന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയെങ്കിലും പൊലീസ് സുരക്ഷ തുടരുകയാണ്. കേന്ദ്രസുരക്ഷ ഏർപ്പെടുത്തിയുള്ള ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഇതുവരെ ലഭിച്ചില്ല. ഉത്തരവ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സുരക്ഷക്കെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രാജ്ഭവനിൽ തുടരുന്നുണ്ട്.
അതേസമയം, ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയതിനെ ഗൗരവമായിട്ടാണ് സർക്കാരും സി.പി.എമ്മും കാണുന്നത്. ഇതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതും സംശയാസ്പദമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കുന്ന റിപ്പോർട്ടിലും ഇത്തവണ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഭരണത്തലവനായ ഗവർണർക്കാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത്.അത് വിട്ടിട്ട് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എമ്മിന്റെയും സർക്കാരിന്റെയും വിലയിരുത്തല്‍. തെരുവ് പ്രതിഷേധത്തിന് തൊട്ട് പിന്നാലെ കേന്ദ്ര സേന എത്തിയതിനേയും സംശയത്തോടെയാണ് പാർട്ടി നോക്കിക്കാണുന്നത്. വൈകിട്ടോടെ പ്രതിഷേധത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടിയതും ചില നീക്കങ്ങളുടെ ഭാഗമാണെന്ന് സർക്കാർ കരുതുന്നു.
ഗവർണർക്ക് സി.ആര്.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തുവന്നു.കേന്ദ്ര നടപടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇ.പി ജയരാജൻ മീഡിയവണിനോട് പറഞ്ഞു. ഒരു ഫോൺ കോളിൽ കേന്ദ്രസേനയെ അയച്ച നടപടി അപലപനീയമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണിത്. ഫെഡറലിസിറ്റ് സംവിധാനത്തിലേക്കുള്ള കടന്നു കയറ്റമാണ്. സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള അതിക്രമമാണ് ഇതെന്നും ജയരാജൻ കുറ്റപ്പെടുത്തി.