Kerala
സുരേഷ് ഗോപിക്ക് സല്യൂട്ട് അടിക്കണോ?  പൊലീസിന്‍റെ സല്യൂട്ട് ആര്‍ക്കെല്ലാം? അറിയാം
Kerala

സുരേഷ് ഗോപിക്ക് സല്യൂട്ട് അടിക്കണോ? പൊലീസിന്‍റെ സല്യൂട്ട് ആര്‍ക്കെല്ലാം? അറിയാം

Web Desk
|
15 Sep 2021 3:45 PM GMT

പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ടിന് ആരെല്ലാമാണ് അര്‍ഹര്‍ എന്നറിയാം..

സുരേഷ് ഗോപി എംപി ഒല്ലൂര്‍ എസ്ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത് വിവാദമായിരിക്കുകയാണ്. പ്രോട്ടോകോള്‍ പ്രകാരം പൊലീസ് എംപിക്ക് സല്യൂട്ട് അടിക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപിക്കും എംഎല്‍എക്കും പൊലീസ് സല്യൂട്ടടിക്കേണ്ടതില്ല.

' ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം'- എന്നാണ് സല്യൂട്ട് എന്ന വാക്കിന്റെ അര്‍ഥം. ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്‍പ്പമൊന്ന് ഉയര്‍ത്തിയാണ് ആദരവ് പ്രകടിപ്പിച്ചിരുന്നത്. ഇത് പരിഷ്കരിച്ചാണ് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. പൊലീസ് സ്റ്റാന്‍റിങ് ഓര്‍ഡര്‍ പ്രകാരം എം.എല്‍.എ, എംപി, മേയര്‍, ചീഫ് സെക്രട്ടറി എന്നിവരൊന്നും പൊലീസിന്‍റെ സല്യൂട്ടിന് അര്‍ഹരല്ല.

പൊലീസ് സല്യൂട്ടടിക്കേണ്ടവരുടെ പട്ടിക

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍

ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി

ഡി.ഐ.ജി

ദേശീയ പതാക

യൂണിഫോമിലുള്ള ജനറല്‍ ഓഫീസര്‍മാര്‍

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍

ജില്ലാ പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍

യൂണിറ്റ് കമാണ്ടന്‍റ്

ജില്ലാ കലക്ടര്‍

സെഷന്‍സ് ജഡ്ജിമാര്‍

ജില്ലാ മജിസ്ട്രേറ്റുമാര്‍

സേനകളിലെ ഫീല്‍ഡ് റാങ്കിലുള്ള ഓഫീസര്‍മാര്‍

സേനകളിലെ കമ്മിഷന്‍റ് ഓഫീസര്‍മാര്‍, എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥര്‍

മൃതദേഹം

'കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട'

'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്ഐയോട് പറഞ്ഞത്. എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്‍റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്‍റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവന്‍ അവന്‍റെ ജോലി കൃത്യമായി ചെയ്താല്‍ മതി. അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കില്‍ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്നം. അത്രയും നേരം എന്‍റെ മുന്‍പിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതില്‍ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍റെ സാമാന്യ മര്യാദയില്ലേ? താന്‍ ക്ഷോഭിച്ചില്ലല്ലോ. സൌമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം.

""സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതുതനിയെ ചികിത്സിച്ചാ മതി. വളരെ സൌമ്യമായാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. സാര്‍ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്‍റെ മുന്‍പിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്‍റെ വണ്ടിയാണെന്നാണ് ഞാന്‍ കരുതിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ മരം വെട്ടിയിട്ടത് മാറ്റാന്‍ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്‍റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്ന എസ്ഐ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ എംപിയാണ്, എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമായാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാന്‍ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍റെ രാജ്യസഭാ ചെയര്‍മാനെ അറിയിക്കൂ. അദ്ദേഹമാണെന്‍റെ ലീഡര്‍"-

'സിനിമാ സ്റ്റൈല്‍ ഇവിടെയിറക്കേണ്ട'

പൊലീസിനെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടിയെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ് വിമര്‍ശിച്ചു. ഇത് സിനിമ സ്റ്റൈലാണ്. ഇവിടെയിതുവേണ്ട. സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ . പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരില്‍ നടന്ന സംഭവം . സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കെഎസ്‍യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ആണ് പരാതി നൽകിയത്. എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയില്‍ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയില്‍ ആവശ്യപ്പെട്ടു.



Related Tags :
Similar Posts