തെളിവുകൾ ലഭിച്ചു; സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താൻ പൊലീസ്
|റിമാൻഡ് റിപ്പോർട്ടിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു
വയനാട്:പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താൻ പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായും മർദനത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സിദ്ധാർത്ഥന് ഏറ്റ മർദനം കണക്കിലെടുത്ത് കൊലപാതക കുറ്റം കൂടി ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയ സിദ്ധാർത്ഥൻ 16ന് പകൽ തങ്ങിയത് ഹോസ്റ്റലിലായിരുന്നു. സ്‌പോർട്‌സ് ഡേ നടക്കുന്നതിനാൽ ആരും ഹോസ്റ്റലിലുണ്ടായിരുന്നില്ല. രാത്രി ഒമ്പതുമണിയോടെ സിദ്ധാർത്ഥിനെ കോമ്പൗണ്ടിലെ കുന്നിന് അടുത്തേക്ക് കൊണ്ടുപോയി. ഹോസ്റ്റലിലെത്തിയ ഡാനിഷും രഹാൻ ബിനോയിയും അൽത്താഫും ചേർന്നാണ് ഇവിടേക്ക് കൊണ്ടുപോയത്. അവിടെ കാശിനാഥൻ എന്ന പ്രധാന പ്രതി കാത്തുനിൽപ്പുണ്ടായിരുന്നു. സഹപാഠിയോട് മോശമായി പെരുമാറി എന്നാരോപിച്ച് സിദ്ധാർത്ഥനെ അവിടെ വെച്ച് ക്രൂരമായി മർദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മർദനവും നീണ്ടു.
തുടർന്ന് സിദ്ധാർത്ഥനെ ഹോസ്റ്റലിൽ എത്തിക്കാൻ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഇഹ്‌സാൻ ആവശ്യപ്പെട്ടു. ഇതോടെ ഹോസ്റ്റലിലെ 21ാം നമ്പർ റൂമിലെത്തിച്ച് ചോദ്യം ചെയ്യലും മർദനവും തുടർന്നു. ഇവിടെ വെച്ച് ഗ്ലൂ ഗൺ വയർ കൊണ്ട് സിൻജോ ജോൺസൺ നിരവധി തവണ അടിച്ചു. വസ്ത്രങ്ങളൂരി മാറ്റിയതും ഹോസ്റ്റലിലെ ഈ മുറിയിൽ വെച്ചായിരുന്നു. ശേഷം ബെൽറ്റും വയറും ഉപയോഗിച്ച് ഒന്നര മണിക്കൂർ മർദനം തുടർന്നു. ഇതിന് ശേഷം സിദ്ധാർത്ഥനെ അടിവസ്ത്രം ധരിച്ച നിലയിൽ ഹോസ്റ്റലിന് നടുത്തളത്തിലെത്തിച്ചു. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ പോലും കതകിൽ തട്ടി വിളിച്ച് മർദനം കാണാൻ ക്ഷണിച്ചു. പുലർച്ചെ ഒന്നേ മുക്കാൽ വരെ മർദനവും ചോദ്യം ചെയ്യലും പരിഹാസവും തുടർന്നു. ഒന്നേ മുക്കാലോടെ ഡോർമെറ്ററിക്ക് സമീപം വെച്ചും ആക്രമിച്ചു. ശേഷം കാട എന്ന് പേരുള്ള സീനിയർ വിദ്യാർത്ഥി അഖിൽ ഇവിടേക്ക് എത്തുകയും സിദ്ധാർത്ഥനെ ഒറ്റത്തവണ അടിക്കുകയും ചെയ്തു. ഇതിന് ശേഷം എല്ലാ വിദ്യാർത്ഥികളോടും പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. സിദ്ധാർത്ഥനെ ഡോർമിറ്ററിയിലാക്കി ശ്രദ്ധിക്കാൻ ജൂനിയർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ഇങ്ങനെ സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിയത് ക്രൂരമായ വേട്ടയാടലിൽ മനം നൊന്തെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ.