'ഇ.പിക്കെതിരെ തെളിവില്ല': യൂത്ത് കോൺഗ്രസ് നേതാക്കളെ വിമാനത്തില്‍ ആക്രമിച്ചെന്ന കേസ് അവസാനിപ്പിക്കുന്നു
|കേസ് അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാൻ നീക്കം. ജയരാജൻ അക്രമം നടത്തിയതിന് തെളിവില്ലെന്നാണ് വലിയതുറ പൊലീസിന്‍റെ റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ ആക്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ.പി ജയരാജന്‍ തടയുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. പൊലീസ് ആദ്യം ഇ.പിക്കെതിരെ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്. ആ കേസിന്‍റെ അന്വേഷണമാണ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
വിമാനത്തിനുള്ളില്‍ ഇ.പി ജയരാജന്‍ തങ്ങളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതാണെന്ന് പരാതിക്കാരന്‍ ഫര്‍സിന്‍ മജീദ് പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സിച്ചതിന്‍റെ തെളിവുമുണ്ട്. പൊലീസ് ഇ.പിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ഫര്‍സിന്‍ മജീദ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ച് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു..