രാത്രി 12ന് ശേഷം കലാപരിപാടികളില്ല, രജിസ്‌ട്രേഷൻ നിർബന്ധം; മാനവീയത്തിൽ നിയന്ത്രണം വരും
|നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
തിരുവനന്തപുരം: മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി തിരുവനന്തപുരം മ്യൂസിയം പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർക്കാണ് റിപ്പോർട്ട് നൽകിയത്. മാനവീയത്ത് തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാതിനെ തുടർന്നാണ് നടപടി.
മാനവീയത്തിൽ രാത്രി 12 മണിക്ക് ശേഷം കലാപരിപാടികൾ പാടില്ലെന്നതാണ് നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടത്. 12 മണിക്ക് ശേഷം ഉച്ചഭാഷിണിയും നിരോധിക്കും. പരിപാടികളിൽ പങ്കെടുക്കുന്നവർക്കെല്ലാം രജിസ്‌ട്രേഷനും നിർബന്ധമാക്കും. ഒരു സമയം ഒന്നിൽ കൂടുതൽ പരിപാടികൾക്ക് അനുവാദമുണ്ടാകില്ല. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
അതേസമയം മാനവീയം വീഥിയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ലിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. വീഡിയോ ദൃശ്യങ്ങളിലുള്ള ആളെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മാനവീയം വീഥിയിൽ സംഘർഷത്തിൽ കലാശിച്ചത്. യുവാവിനെ നിലത്തിട്ട് മർദിക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.