ഐഷ സുൽത്താന ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും
|ബയോവെപ്പണ്‍ പരാമർശത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് സി അബ്ദുൽ ഖാദർ ഹാജിയാണ് ഐഷക്കെതിരെ പരാതി നൽകിയത്.
ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും. കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്. രാവിലെയാണ് ചോദ്യംചെയ്യൽ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി ഐഷക്ക് നിർദേശം നൽകുകയായിരുന്നു.
പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബയോവെപ്പണ്‍ പരാമർശത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് സി അബ്ദുൽ ഖാദർ ഹാജിയാണ് ഐഷക്കെതിരെ പരാതി നൽകിയത്.
രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐഷ സുല്‍ത്താന പ്രതികരിച്ചു. തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നാടിനു നീതി ലഭിക്കുംവരെ പൊരുതുമെന്നും ഐഷ വ്യക്തമാക്കി. ബയോവെപ്പണ്‍ എന്നത് കൊണ്ട് താന്‍ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ തെറ്റായ നടപടികളെയാണെന്ന് ഐഷ വിശദീകരിക്കുകയുണ്ടായി.
രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിന് ശേഷം ആദ്യമായാണ് ഐഷ ലക്ഷദ്വീപിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകുമ്പോൾ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യംചെയ്യാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.