വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്
|- വിജയ് ബാബു ദുബൈ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയതായി പൊലീസ് സംശയിക്കുന്നു
കൊച്ചി: ഈ മാസം 24നകം ഹാജരായില്ലെങ്കിൽ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. നടിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. ദുബൈയിൽ ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് അസാധുവാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.
വിജയ് ബാബു ഈ മാസം 24ന് ഹാജരാകാമെന്ന് പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. വിജയ് ബാബു ദുബൈ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയതായി പൊലീസ് സംശയിക്കുന്നു. വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് നേരത്തെ അറസ്റ്റ് വാറണ്ട് കൈമാറിയിരുന്നു. ഇന്‍റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്.
കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.