വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും
|പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരിനാഥാണെന്ന് വിവരം ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരിനാഥനെ ചോദ്യം ചെയ്യും.
നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണർ നോട്ടീസ് നൽകി. വിമാനത്തിലെ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടീസ്.
'സി.എം കണ്ണൂരിൽ നിന്ന് വരുന്നുണ്ട്. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം', വിമാനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാൻ ആകില്ലെന്നും ചാറ്റില്‍ പറയുന്നു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജന് പ്രതികരിച്ചു. അതിനിടെയാണ് പ്രതിഷേധത്തിന് ശബരിനാഥന് നിര്‍ദേശം നല്‍കിയെന്ന രീതിയിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നത്.