ട്രാഫിക് നിയമം ലംഘിക്കുന്ന പൊലീസുകാർക്ക് ഇനി പണം പോകും; ഉത്തരവുമായി ഡി.ജി.പി
|പൊലീസ് വാഹനങ്ങൾ നിയമലംഘനം നടത്തുന്നതിന്റെ വിവരങ്ങൾ ദിനംപ്രതി മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്
തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി പൊലീസുകാർക്ക് സ്വന്തം പണം പോകും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണമെന്ന് ഡി.ജി.പി ഉത്തരവിട്ടു. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. പൊലീസ് വാഹനങ്ങൾ നിയമലംഘനം നടത്തുന്നതിന്റെ വിവരങ്ങൾ ദിനംപ്രതി മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്.
നിയമലംഘനത്തിന് അതാത് പൊലീസ് ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. അവർ നടത്തുന്ന നിയമലംഘനത്തിന് സർക്കാർ പണം ചിലവാക്കില്ല. നിയമലംഘകരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കി 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.
പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പിയുടെ ഉത്തരവ്. എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താനായി.
ഇതിൽ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമർശനവും ഉയർന്നു. ഇതോടെ നിയമലംഘകരായ പൊലീസുകാർക്ക് മേൽ കടിഞ്ഞാണിടാൻ ഡി.ജി.പി തീരുമാനിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ലംഘിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിലെത്തിയതും നടപടി കടുപ്പിക്കാനുള്ള കാരണമായി.