പാകിസ്താനിൽ നയങ്ങൾ തീരുമാനിക്കുന്നത് സൈന്യം, ഇപ്പോൾ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ല: ശശി തരൂർ
|കഴിഞ്ഞ നാല് വർഷമായി പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമാണെന്നും ശശി തരൂർ
പാകിസ്താനിൽ നയങ്ങൾ തീരുമാനിക്കുന്നത് സൈന്യമാണെന്നും ഇപ്പോൾ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ലെന്നും ശശി തരൂർ എംപി. ഇംറാൻ ഖാന്റെ ശിപാർശ അംഗീകരിച്ച് പാകിസ്താൻ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനു പിന്നാലെയാണ് ശശി തരൂർ എംപിയുടെ പരാമർശം. കഴിഞ്ഞ നാല് വർഷമായി പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മാസത്തിനകം പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കും. അതുവരെ കാവൽ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ തുടരും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി സ്പീക്കർ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് ഇംറാൻ ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡണ്ട് ആരിഫ് അൽവിനോട് ശിപാർശ ചെയ്തത്. ഇസ്ലാമാബാദിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ചേർന്ന പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങളാണുണ്ടായത്. സ്പീക്കർക്കെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറെ പുറത്താക്കണമെന്നായിരുന്നു ആവശ്യം.
അസംബ്ലിയിൽ നിന്ന് സ്പീക്കർ ഇറങ്ങിപ്പോയി. അതിനിടെ ഇംറാനെതിരായ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിന് എതിരാണെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി പറഞ്ഞു. ഏപ്രിൽ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഇതെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇംറാൻ ഖാൻ സഭയിൽ ഹാജരായിരുന്നില്ല. പാകിസ്താനിലെ ജനങ്ങൾക്ക് മാത്രമാണ് സർക്കാരിനെ തെരഞ്ഞെടുക്കാൻ അധികാരമെന്ന് ഇംറാൻ പറഞ്ഞു.അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ ഇംറാൻ ഖാൻ പരാജയപ്പെടുമായിരുന്നുവെന്ന് ഏകദേശം ഉറപ്പായിരുന്നു.
176 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇംറാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെൻറ്-പാകിസ്താൻ (എം.ക്യു.എം-പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാൻ അവാമി പാർട്ടി, ഒരു അംഗമുള്ള പി.എം.എൽ-ക്യൂ എന്നിവ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇംറാൻറെ നില പരുങ്ങലിലായത്. പി.ടി.ഐയിൽതന്നെ ഇംറാനോട് എതിർപ്പുള്ളവരുണ്ട്.അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുമ്പോൾ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഇംറാൻ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. തന്നെ പുറത്താക്കാൻ വിദേശശക്തികൾ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം ഇംറാൻ ആവർത്തിച്ചു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. താൻ രാജി വെയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുമെന്നും ഇംറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇസ്‌ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തിൽ 10,000 സൈനികരെ വിന്യസിച്ചു.