നയപ്രഖ്യാപന പ്രസംഗം: ഗവർണറെ രാജ്ഭവനിൽ എത്തി ക്ഷണിച്ച് സ്‌പീക്കർ
|കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ സ്പീക്കർ രാജ് ഭവനിൽ എത്തി ക്ഷണിച്ചു. 25 നാണ് നയപ്രഖ്യാപനം. പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗം ഗവർണർ വന്ന് വായിക്കുന്നതാണ് പതിവ്.
ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗവും ശ്രദ്ധേയമാകും. സർക്കാറിനെതിരെ തുറന്നടിച്ചുള്ള പ്രതികരണങ്ങള്‍ നടത്തുന്ന ഗവർണർ ഇത്തവണത്തെ പ്രസംഗത്തോട് സ്വീകരിക്കുന്ന സമീപനം നിർണായകമാകും. ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തില്‍നിന്ന് ഗവർണർ ഒഴിഞ്ഞ് മാറുന്നുവെന്ന വിമർശനം സർക്കാർ സുപ്രീംകോടതിയില്‍ അടക്കം ഉന്നയിച്ചതാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രസംഗം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍, തനിക്കെതിരായ വിമർശനത്തെ ഗവർണർ വായിക്കുമോ എന്ന ചോദ്യം സർക്കാറിന് മുന്നിലുണ്ട്. നയപ്രഖ്യാപനം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രകോപിതനാക്കാണമോ എന്ന ചർച്ചകളും സർക്കാർ തലത്തിൽ പുരോഗമിക്കുന്നു.