'പൂരം കലക്കലിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണം': വി.എസ് സുനിൽ കുമാർ
|എത്രനാൾ കഴിഞ്ഞാലും ശരി പൂരം കലക്കലിനെപ്പറ്റി അന്വേഷിച്ചേ പറ്റൂവെന്നും സുനിൽ കുമാർ
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യഇടപെടലുണ്ടെന്ന് ആവർത്തിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാർ. പൂരം അലങ്കോലമായത് രാഷ്ട്രീയമായി ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും പൂരം കലക്കിയത് ആരെന്ന് ജനത്തിന് അറിയണമെന്നും സുനിൽ കുമാർ പറഞ്ഞു. രോഗി അല്ലാത്ത സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിൽ പൊലീസ് നടപടി എടുത്തില്ല. പൂരം അലങ്കോലമായതിന്റെ ഗുണം ലഭിച്ചത് ആർക്കാണ്. സർക്കാർ എന്താണ് റിപ്പോർട്ടിൽ ചെയ്യുക എന്ന് അറിഞ്ഞതിനു ശേഷമേ ഔദ്യോഗികമായ പ്രതികരണം നടത്താനാകു. പുനഃരന്വേഷണം സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയാൽ നിലപാട് പറയാമെന്നും സുനിൽകുമാർ പറഞ്ഞു.
എത്രനാൾ കഴിഞ്ഞാലും ശരി ഈ പൂരം കലക്കലിനെപ്പറ്റി അന്വേഷിച്ചേ പറ്റൂവെന്നും സുനിൽ കുമാർ വ്യക്തമാക്കി. തൃശൂർ പൂരം കലക്കിയതിലെ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ സുനില്‍ കുമാർ ഉന്നയിച്ചിരുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. പൂരം കലക്കലിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സുനിൽകുമാർ പറഞ്ഞിരുന്നു. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.