കണ്‍മറഞ്ഞ് വിപ്ലവ നക്ഷത്രം; നേതാക്കൾ അനുസ്മരിക്കുന്നു
|കേരള രാഷ്ട്രീയത്തിലെ വിപ്ലവനായിക കെആര്‍ ഗൗരിയമ്മയെ രാഷ്ട്രീയ നേതാക്കള്‍ അനുസ്മരിക്കുന്നു
മലയാളത്തിന്‍റെ വിപ്ലവനായിക കെആര്‍ ഗൗരിയമ്മ ഒരു നൂറ്റാണ്ടിന്‍റെ സംഭവബഹുലമായ ജീവിതം അവസാനിപ്പിച്ച് യാത്രയായിരിക്കുകയാണ്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തയായ വനിതയെ രാഷ്ട്രീയ നേതാക്കള്‍ അനുസ്മരിക്കുന്നു.
എന്നും പാവപ്പെട്ടവർക്കുവേണ്ടി നിലകൊണ്ട നേതാവ്: എകെ ആന്റണി
കേരളത്തിലെ പാവപ്പെട്ടവർക്കും കുടിയാൻമാർക്കും പാട്ടക്കാർക്കും സാധാരണക്കാർക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു കെആർ ഗൗരിയമ്മ. പാവപ്പെട്ടവർക്ക് ഒരിക്കലും ഗൗരിയമ്മയെ മറക്കാൻ കഴിയില്ല. എപ്പോഴും അധ്വാനിക്കുന്നവരോട് കൂറുള്ള നേതാവായിരുന്നു അവർ.
ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കേരള രാഷ്ട്രീയത്തിലെ എറ്റവും ശ്രദ്ധേയയായ നേതാവായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയെ പോലെ കേരളത്തിന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശക്തയായി പ്രവർത്തിച്ച വനിതാ നേതാക്കൻമാർ കുറവാണ്.
കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വിപ്ലവകരമായ കാർഷിക പരിഷ്‌കരണ നിയമം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അസംബ്ലിയിൽ അവതരിപ്പിച്ചതും പാസാക്കിയതും ഗൗരിയമ്മയായിരുന്നു. നിർഭാഗ്യവശാൽ രാഷ്ട്രപതി അത് അംഗീകരിക്കാതെ പോയി. പിന്നീട് അച്യുതമേനോൻ മന്ത്രിസഭ ഇതിൽ ഭേദഗതികൾ വരുത്തിയാണ് പാസാക്കിയത്. പല മുന്നണികളിൽ ഗൗരിയമ്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി കൂറ് പാവപ്പെട്ടവരോട് മാത്രമായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നം വരുമ്പോൾ ഗൗരിയമ്മ മുഖം നോക്കാതെയും പാർട്ടി നോക്കാതെയും നടപടിയെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്റെ മന്ത്രിസഭയിൽ ഗൗരിയമ്മ മന്ത്രിയായി പ്രവർത്തിച്ചത് ബഹുമതിയായാണ് കാണുന്നത്.
ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രം: എ വിജയരാഘവൻ
ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മകമായ ചിന്തകൾക്കും ഇടപെടലുകൾക്കും തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസതുല്യമായ സാന്നിധ്യവുമായിരുന്നു സഖാവ്.
കേരളത്തിന്റെ ചരിത്ര മുന്നേറ്റങ്ങൾക്ക് കാരണമായ നിയമനിർമാണങ്ങൾക്ക് ചാലകശക്തിയായ നേതാവാണ് ഗൗരിയമ്മ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലേക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും വന്ന ഗൗരിയമ്മയില്ലാതെ ആധുനിക കേരളത്തിന്റെ ചരിത്രം അപൂർണമായിരിക്കും. 1957ലെ ആദ്യ ഇഎംഎസ് സർക്കാരിലെ റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്ന നിയമവും ഭൂപരിഷകരണ നിയമവും അടക്കമുള്ള വിപ്ലവകരമായ നിയമനിർമാണങ്ങൾക്ക് നേതൃത്വം നൽകി. അഴിമതി നിരോധനനിയമം, വനിതാ കമ്മീഷൻ നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങളും ഗൗരിയമ്മ മന്ത്രിയായിരിക്കെ പാസാക്കിയവയാണ്.
സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാൻ മടിച്ച കാലത്ത് എല്ലാ വിവേചനങ്ങളെയും കൊടിയ പീഡനങ്ങളെയും അതിജീവിച്ചുകൊണ്ടാണ് പൊതുരംഗത്തു വന്നത്. ക്രൂരമായ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ ഗൗരിയമ്മ നിശ്ചയദാർഢ്യത്തിന്റെയും ഇഛാശക്തിയുടെയും മറുപേരായിരുന്നു. അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനപന്ഥാവായാണ് പൊതുപ്രവർത്തനത്തെ അവർ തിരഞ്ഞെടുത്തത്. ജീവിതകാലം മുഴുവൻ നാടിനും ജനങ്ങൾക്കുമായി ആവിശ്രമം പ്രവർത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണ് ഗൗരിയമ്മ.
കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടം: കോടിയേരി ബാലകൃഷ്ണൻ
സഖാവ് കെആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ.
സിപിഎം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെഎസ്എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
വിപ്ലവകരമായ തീരുമാനങ്ങളെടുത്തു നടപ്പാക്കിയ നേതാവ്: ഉമ്മൻ ചാണ്ടി
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. സാമാന്യധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേർന്ന ജീവിതമായിരുന്നു അവരുടേത്.
2004ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃഷി-കയർ വകുപ്പ് മന്ത്രിയായിരുന്നു അവർ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും വിപ്ലവകരമായ തീരുമാനങ്ങളെടുക്കുകയും അത് ധീരമായി നടപ്പാക്കുകയും ചെയ്ത വിപ്ലവ നക്ഷത്രത്തെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നഷ്ടമായത്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സംഭാവനകൾ ചെയ്ത അവരുടെ ഭരണവൈഭവം എക്കാലത്തും ഓർമിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം: കെകെ ശൈലജ ടീച്ചർ
കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മ. കുഞ്ഞുന്നാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ അക്രമണങ്ങൾക്കൊന്നും ആ ധീരവനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.
കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിൽ അംഗമാവാൻ അവസരം ലഭിച്ചതു മുതൽ മാറ്റങ്ങൾക്ക് വേണ്ടി ഇടപെടാൻ അവർ ശ്രമിച്ചു. ഭൂപരിഷ്‌കരണം നിയമമാക്കാനും ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാനും കാരണമായ ഒട്ടേറെ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ അവർ തയാറായി.
കഴിഞ്ഞ നിയമസഭയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകൾ അന്നുതന്നെ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക എന്നായിരുന്നു. പിന്നേക്ക് മാറ്റിവയ്ക്കരുതെന്നും പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളിൽ ജീവിക്കും.
കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യം: എംഎ ബേബി
കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് സഖാവ് ഗൗരിയമ്മ വിടപറയുമ്പോൾ സംഭവിക്കുന്നത്. അടങ്ങാത്ത ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് ഗൗരിയമ്മയെക്കുറിച്ചുള്ള അലയൊടുങ്ങാത്ത ഓർമ്മകൾ.
കേരള രാഷ്ട്രീയത്തിലെയോ തൊഴിലാളി പ്രസ്ഥാനത്തിലെയോ ആദ്യ വനിതാ നേതാവല്ല ഗൗരിയമ്മയെങ്കിലും രാഷ്ട്രീയ നേതാവായ സ്ത്രീ എന്ന സ്ഥാനം ആധുനിക കേരളത്തിൽ സ്ഥാപിച്ചെടുത്തത് ഗൗരിയമ്മയാണ്. ആനി മസ്‌കറീൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കളും സഖാക്കൾ ദേവയാനി, കാളിക്കുട്ടി ആശാട്ടി തുടങ്ങിയ തൊഴിലാളി നേതാക്കളും പുരാഷാധിപത്യ രാഷ്ട്രീയ നേതൃത്വങ്ങളോട് പടവെട്ടി പിൻവാങ്ങിയപ്പോൾ ഗൗരിയമ്മ നൂറ്റിരണ്ടാം വയസിലും കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉയർത്തിപ്പിടിച്ച ധീരവനിതയായി. പിൽക്കാലത്തുണ്ടായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയെല്ലാം ആദ്യപഥിക എന്നതാണ് ഗൗരിയമ്മയുടെ സുപ്രധാന സംഭാവന.
1957ലെ ആദ്യ ഐക്യകേരള സർക്കാരിലെ റവന്യൂ മന്ത്രി എന്ന നിലയിൽ സഖാവ് ഗൗരിയമ്മ അവതരിപ്പിച്ച കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്‌കരണ നിയമം എന്നിവയുടെ പേരിലാണ് ഗൗരിയമ്മ എന്നും ഓർമിക്കപ്പെടുക. 1987ലെ ഇകെ നായനാർ സർക്കാരിലെ വ്യവസായമന്ത്രിയെന്ന നിലയിൽ തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് സ്ഥാപിക്കുന്നതിൽ കാണിച്ച ദീർഘവീക്ഷണവും അനുസ്മരണീയമാണ്. പക്ഷേ, അതിനും അപ്പുറമാണ് രാഷ്ട്രീയ നേതാവ് എന്ന നിലയിൽ സഖാവ് കേരള സമൂഹത്തിൽ ചെലുത്തിയ സ്വാധീനം .
ഒരു 'കീഴ്ജാതി സ്ത്രീ' കേരള സമൂഹത്തിൽ ബഹുമാന്യമായ ഇരിപ്പിടം വലിച്ചിട്ട് ഇരുന്നത് ഒരു വിപ്ലവമായിരുന്നു. അതുണ്ടാക്കിയ മാറ്റം ചരിത്രപരമായിരുന്നു; കേരള സമൂഹത്തിനാകെയായിരുന്നു.
കേരള രാഷ്ട്രീയത്തെ ഇത്രയേറെ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വേറെ ഉണ്ടായിട്ടില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിൽ കനൽവഴികൾ താണ്ടി ജനമനസ് കീഴടക്കിയ നേതാവാണ് ഗൗരിയമ്മയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.
അസാധ്യമായതിനെ സാധ്യമാക്കിയ ധീരവനിതയായിരുന്നു ഗൗരിയമ്മയെന്ന് പിജെ ജോസഫ് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ത്യാഗനമനുഭവിച്ച വനിതാ നേതാവാണ് വിടപറഞ്ഞതെന്ന് എഎം ആരിഫ് എംപി.
മാതൃസമാനമായ സ്‌നേഹം തന്ന രാഷ്ട്രീയ നേതാവായിരുന്നു ഗൗരിയമ്മയെന്ന് എകെ ശശീന്ദ്രൻ അനുസ്മരിച്ചു. അധസ്ഥിതരെ അധികാരത്തിലെത്തിക്കാൻ നിസ്തുല പങ്കുവഹിച്ചയാളാണ് ഗൗരിയമ്മയെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.