Kerala
കഴക്കൂട്ടം ഫ്‌ളൈഓവർ മുതൽ മുണ്ടവൻകുന്ന് കോളനി വരെ- വിദേശകാര്യ മന്ത്രിക്ക് മൂന്നു ദിവസം തിരുവനന്തപുരത്ത് എന്തായിരുന്നു കാര്യം?
Kerala

കഴക്കൂട്ടം ഫ്‌ളൈഓവർ മുതൽ മുണ്ടവൻകുന്ന് കോളനി വരെ- വിദേശകാര്യ മന്ത്രിക്ക് മൂന്നു ദിവസം തിരുവനന്തപുരത്ത് എന്തായിരുന്നു കാര്യം?

Web Desk
|
12 July 2022 3:32 PM GMT

കേന്ദ്രമന്ത്രിയുടെ സാധാരണ സന്ദർശനമായി എഴുതിത്തള്ളാവുന്നതല്ല എസ്. ജയശങ്കറിന്റെ കേരള പര്യടനം. പത്മനാഭസ്വാമി ക്ഷേത്രം, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ സ്മാരകങ്ങൾ മുതൽ കള്ളിക്കാട് പഞ്ചായത്തിലെ മുണ്ടവൻകുന്ന് കോളനി വരെ നീളുന്ന തരത്തിൽ പലമാനങ്ങളിലുള്ളതായിരുന്നു ജയശങ്കറിന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ തിരക്കിട്ട ഷെഡ്യൂള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിനു പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദർശനം പുതിയൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി ജോലിത്തിരക്കുകൾക്കിടയിലും തിരുവനന്തപുരം കഴക്കൂട്ടത്തെ ഒരു ഫ്‌ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, ജനങ്ങളെയും അവരുടെ താൽപര്യങ്ങളും അടുത്തറിയാനും കേന്ദ്ര പദ്ധതികൾ വിലയിരുത്താനുമായാണ് താനെത്തിയതെന്നും അതിൽ രാഷ്ട്രീയം കാണേണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിദേശകാര്യ മന്ത്രി എല്ലാ സമയത്തും വിദേശത്താണെന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളതെങ്കിൽ അത് തിരുത്തണമെന്നും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയതെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.

മൂന്നു ദിവസം മന്ത്രി എന്തു ചെയ്തു?

കേന്ദ്രമന്ത്രിയുടെ ഒരു സാധാരണ സന്ദർശനമായി എഴുതിത്തള്ളാവുന്നതല്ല എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനമെന്ന് അദ്ദേഹത്തിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചാൽ വ്യക്തമാണ്. കൃത്യമായ പദ്ധതികളോടെയും ലക്ഷ്യങ്ങളോടെയും ആസൂത്രണം ചെയ്യപ്പെട്ടതാണ് സന്ദർശനമെന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങളായി അദ്ദേഹം പങ്കെടുത്ത പരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും സന്ദർശിച്ച സ്ഥലങ്ങളുടെയും വിശദാംശങ്ങളിൽനിന്ന് ബോധ്യപ്പെടും. പത്മനാഭസ്വാമി ക്ഷേത്രം, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ സ്മാരകങ്ങൾ മുതൽ കള്ളിക്കാട് പഞ്ചായത്തിലെ മുണ്ടവൻകുന്ന് കോളനി വരെ നീളുന്ന തരത്തിൽ പലമാനങ്ങളിലുള്ളതായിരുന്നു ജയശങ്കറിന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ തിരക്കിട്ട കേരള ഷെഡ്യൂള്‍.

ഇത്രയും ദിവസം കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എന്തെല്ലാം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കൃത്യമായി പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും ജയശങ്കറിന്റെ ട്വിറ്റർ ഹാൻഡിൽ മുഴുവൻ മലയാളമാണെന്നതാണ് ഏറെ കൗതുകകരം. തിരുവനന്തപുരത്തെ കേന്ദ്രമന്ത്രിയുടെ റൂട്ട്മാപ്പിലൂടെ ഒരു യാത്രനടത്തി നോക്കാം. അതിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ആശങ്കയ്ക്ക് ന്യായമുണ്ടോയെന്നും നോക്കാം.

ഞായറാഴ്ചയാണ് എസ്. ജയശങ്കർ തിരുവനന്തപുരത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിലെ വിവരപ്രകാരം ആദ്യമായി അദ്ദേഹം നടത്തിയ സന്ദർശനം കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥാന അമ്പലത്തിലേക്കായിരുന്നു. ക്ഷേത്രത്തിലെത്തി പൂജയും പ്രാർത്ഥനയും നടത്തി നൈവേദ്യവും അർപ്പിച്ചായിരുന്നു മടങ്ങിയത്. സാമൂഹ്യ പരിവർത്തനത്തിനായുള്ള സ്വാമികളുടെ സന്ദേശങ്ങൾ ഇന്നും ശക്തമായി സമൂഹത്തിൽ പ്രകമ്പനം കൊള്ളുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സേവന പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നായർ സർവീസ് സൊസൈറ്റി(എൻ.എസ്.എസ്) പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങി പ്രമുഖരുടെ ഒരു പട തന്നെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

അടുത്ത പരിപാടി വൈകീട്ടോടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു. 'അനന്തപുരിയിലെ യുവത ഡോ. എസ്. ജയശങ്കറിനൊപ്പം' എന്ന പേരിൽ യുവജനങ്ങളുമായും വിദ്യാർത്ഥികളുമായുള്ള ഒരു സംവാദമായിരുന്നു അവിടെ. വി.വി രാജേഷ്, കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുസ്സലാം, നടനും സംവിധായകനുമായ കൃഷ്ണകുമാർ അടക്കം പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് രാത്രിയോടെയാണ് വി. മുരളീധരനൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സ്വാമിയുടെ അനുഗ്രഹങ്ങൾ തേടിയെന്നും അത് എത്രമാത്രം വലിയ കാര്യമാണെന്ന് ഓരോ വിശ്വാസിക്കും അറിയാമെന്നുമാണ് ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

തിങ്കളാഴ്ച സഹകരണ, എൻ.ജി.ഒ മേഖലളിലെ പ്രതിനിധികളുമായായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. ഈ മേഖലകളിലെ ആശങ്കകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയെന്ന് അദ്ദേഹം കുറിച്ചു. തുടർന്ന് തിരുവനന്തപുരം പാർലമെന്ററി മണ്ഡലത്തിലെ കേന്ദ്ര സർക്കാർ പദ്ധതികളുടെ അവലോകനം നടത്താനായുള്ള പരിപാടിയായിരുന്നു. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ പ്രത്യേകം വിളിച്ചുവരുത്തിയ സംഗമത്തിൽ അദ്ദേഹം സംസാരിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് വയോജനങ്ങളാണ് പരിപാടിയിൽ സംബന്ധിച്ചത്.

പിന്നീട് എത്തിയത് ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലത്ത്. ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലം സന്ദർശിച്ച അദ്ദേഹം ഗുരുവിന്റെ ജന്മസ്ഥലമായ വയൽവാരം വീട്ടിൽ പുഷ്പാർച്ചന നടത്തി. കേന്ദ്രത്തിലെ പൂജാരികളുമായി സംസാരിക്കുകയും സ്വദേശ് ദർശന്റെ കീഴിൽ ചെമ്പഴന്തിയിൽ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം വഴുതയ്ക്കാടുള്ള പാസ്‌പോർട്ട് സേവാകേന്ദ്രം സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. വൈകീട്ടോടെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസ് സന്ദർശിച്ചു. തുടർന്ന് കഴക്കൂട്ടത്ത് നാലുവരി എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി ബി.ജെ.പി നേതാക്കൾക്കൊപ്പമെത്തി. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റർ ദൂരമുള്ള ഫ്‌ളൈഓവർ നിർമിക്കുന്നത്. ഫ്‌ളൈഓവർ സന്ദർശിച്ച മന്ത്രി ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജ്യനൽ ഓഫീസർ ബി.എൽ മീണ എന്നിവരോട് നിർമാണപ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ഇന്ന് കള്ളിക്കാട്ട് പഞ്ചായത്തിലായിരുന്നു സന്ദർശനത്തിനു തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റുമായും അംഗങ്ങളുമായും സംവദിച്ചു. തുടർന്ന് കള്ളിക്കാട് പഞ്ചായത്തിലെ മുണ്ടവൻകുന്ന് കോളനിയിലെത്തി. കോളനിവാസികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചു മന്ത്രി. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനായുള്ള കേന്ദ്രസർക്കാർ പദ്ധതിയായ 'ജൽ ജീവൻ മിഷൻ' പ്രവർത്തനങ്ങളുടെ വിജയകരമായ പൂർത്തീകരണം നേരിട്ടുകണ്ട് ബോധ്യപ്പെട്ടെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ചിറക്കുളം സന്ദർശിച്ച് അമൃത് സരോവരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

പിന്നീടെത്തിയത് അയ്യൻകാളിയുടെ തിരുവനന്തപുരത്തെ വെങ്ങാനൂരിലുള്ള സ്മാരകത്തിൽ. ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിയ മഹാത്മാ അയ്യങ്കാളിയുടെ ആദർശം തന്നെയാണ് കേന്ദ്ര സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം കുറിച്ചു. അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

'വിദേശകാര്യ മന്ത്രിക്ക് കഴക്കൂട്ടത്ത് എന്തുകാര്യം?'

ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസ്സിലാകുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ഒരു പൊതുപരിപാടിയിൽ പ്രതികരിച്ചത്. 2024ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

''വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കർ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്ളൈഓവറിന്റെ മുകളിൽനിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നു എന്നു പറയുമ്പോൾ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാർക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ തീർക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്ളൈഓവർ നോക്കാൻ വേണ്ടി കേരളത്തിൽ വന്നെങ്കിൽ അത് കേവലമായൊരു ഫ്ളൈഓവർ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.''-മുഖ്യമന്ത്രി പറഞ്ഞു.

നമ്മളെല്ലാം അതതു ഘട്ടത്തിൽ വരുന്ന കാര്യങ്ങൾക്ക് അനുസരിച്ച് നീങ്ങാറാണല്ലോ... എന്നാൽ, പത്തു പതിനെട്ട് മാസം കഴിഞ്ഞാൽ രാജ്യത്താകെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അപ്പോൾ ഈ പറയുന്ന കഴക്കൂട്ടം ഭാഗം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വരവ് കൂടിയാണിത്. മറ്റു കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയതെന്നായിരുന്നു എസ്. ജയശങ്കറിന്റെ മറുപടി. ജനങ്ങളെയും അവരുടെ താൽപര്യവും അടുത്തറിയണം. കേന്ദ്ര പദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിമാരുടെ ചുമതലയാണ്. കാര്യങ്ങൾ മനസ്സിലാക്കാനാണ് സന്ദർശിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കാണുന്നത് മനസ്സിലാകുന്നില്ലെന്നും ഞങ്ങൾക്ക് വികസനമെന്ന് പറയാനാണ് ഇഷ്ടമെന്നും മറ്റു ചിലർക്ക് അത് രാഷ്ട്രീയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് എസ് ജയശങ്കർ തിരുവനന്തപുരത്തെത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കി. വിദേശകാര്യ മന്ത്രി എല്ലാ സമയത്തും വിദേശത്താണെന്ന ധാരണയാണ് മുഖ്യമന്ത്രിക്കെങ്കിൽ അത് തിരുത്തണം. പദ്ധതികളുടെ മേൽനോട്ടം വഹിക്കാനുള്ള അധികാരമുപയോഗിച്ചാണ് കേന്ദ്രമന്ത്രി സന്ദർശനം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ബാധിച്ച മത്സ്യത്തൊഴിലാളികളെ കാണാൻ പോകാത്ത മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ സന്ദർശനം അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികം. കേന്ദ്രമന്ത്രിക്ക് അധികാരമില്ലെന്ന് തോന്നുന്നുവെങ്കിൽ സ്വന്തം പെരുമാറ്റമാണ് കാരണം. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി ജനങ്ങളിലേക്ക് എത്തുമ്പോൾ അസ്വസ്ഥതയുണ്ടാവും.'- മുരളീധരൻ വിമർശിച്ചു.

'മിഷൻ 2024-കേരള'

ഈ മാസം മൂന്നിനാണ് ഹൈദരാബാദിൽ ബി.ജെ.പിയുടെ ദേശീയനിർവാഹക സമിതി യോഗം സമാപിച്ചത്. സമാപനദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച പ്രമേയം ദക്ഷിണേന്ത്യയെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. കേരളമടക്കം ബി.ജെ.പിക്ക് ഇനിയും അധികാരം പിടിക്കാൻ കഴിയാത്ത ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഹ്വാനമാണ് പ്രമേയത്തിലെ പ്രധാന ഉള്ളടക്കം.

ബി.ജെ.പി ഇതുവരെ ഭരണം പിടിക്കാത്ത കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ പ്രമേയത്തിൽ പ്രഖ്യാപിച്ചത്. ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസവും പ്രമേയത്തിൽ പങ്കുവച്ചു. 2024നുമുൻപ് പാർട്ടിയുടെ ദൗത്യം അതായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതിനായി കേന്ദ്രമന്ത്രിമാരടങ്ങുന്ന മുതിർന്ന നേതാക്കളെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളുടെ ചുമതല ഏൽപിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

കേരളത്തിൽ ആറു മണ്ഡലങ്ങളിലാണ് ബി.ജെ.പി ആദ്യഘട്ടത്തിൽ കണ്ണുവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട എന്നീ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പദ്ധതി. ഇതിനായി ഓരോ മണ്ഡലങ്ങളുടെയും ചുമതല ഓരോ കേന്ദ്രമന്ത്രിമാരെയും ഏൽപിച്ചതായി റിപ്പോർട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ്. ആറ്റിങ്ങൽ വി. മുരളീധരനും പത്തനംതിട്ട ശേഭാ കരന്തലജെയ്ക്കും പാലക്കാട് ഭഗവത് ഖുബെയ്ക്കും തൃശൂർ അശ്വനികുമാർ ചൗബേയ്ക്കും ആണ് ചുമതല നൽകിയിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.


2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പുതിയ ബി.ജെ.പി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ കൂടുതൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം അടുത്ത ദിവസങ്ങളിൽ നടക്കും. ഇതിന്റെ തുടക്കംകുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജയശങ്കർ തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞയാഴ്ച കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ കോഴിക്കോട്ടെത്തിയതും ചർച്ചയായിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളുടെ മാത്രം യോഗം വിളിച്ചുചേർത്തത് ഏറെ വിവാദമാകുകയും ചെയ്തു.

Summary: What is the politics behind the Foreign minister S Jaishankar's Kerala visit?

Similar Posts