പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസ്; പ്രതി ചേർക്കപ്പെട്ട മുഴുവൻ പേർക്കും ജാമ്യം
|കേസിൽ ആകെ 27 വിദ്യാർഥികളെയാണ് പ്രതിചേർത്തിരുന്നത്.
കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം. പ്രായപൂർത്തിയായ 17 പേർക്കാണ് ഇന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട 27 വിദ്യാർഥികൾക്കും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഇന്നലെ ജുവനൈൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികളായ 27 പേരും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. ജയിലിലായതിനാൽ വിദ്യാർഥികൾക്ക് ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. കുട്ടികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമോ വൈദികനുമായി വ്യക്തിപരമായ വൈരാഗ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം 10 വിദ്യാർഥികൾക്ക് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ച വിദ്യാർഥികൾ ഇന്ന് പരീക്ഷ എഴുതില്ലെന്ന് കുട്ടികളിൽ ഒരാളുടെ പിതാവായ ഇസ്മായിൽ പ്രതികരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ വിദ്യാർഥികളെ പരീക്ഷക്കെത്തിക്കാൻ വൈകും. കുട്ടികളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി വി.എൻ വാസവൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ അറിയിച്ചിരുന്നു.