പൂഞ്ഞാർ സംഭവം; വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയത് പുനഃപരിശോധിക്കുമെന്ന് മന്ത്രി
|ജയിലിൽ കഴിയുന്ന കുട്ടികൾക്ക് പരീക്ഷയെഴുതാൻ പിന്നീട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം: പൂഞ്ഞാറിൽ സ്കൂൾ സെന്റോഫിനിടെ കുട്ടികളോടിച്ച വാഹനം തട്ടി വൈദികന് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗം സമാപിച്ചു. കോട്ടയം കലക്ടറുടെ ചേംബറിൽ മന്ത്രി വി.എൻ വാസവൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയത് പുനഃപരിശോധിക്കുമെന്നും ജയിലിൽ കഴിയുന്ന കുട്ടികൾക്ക് പരീക്ഷയെഴുതാൻ പിന്നീട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭാവിയിൽ കുട്ടികൾക്ക് കേസ് പ്രതിസന്ധിയാകുമൊയെന്ന ആശങ്കയാണ് രക്ഷിതാക്കൾ പങ്കുവെച്ചത്.
സൗഹൃദപരമായി മുന്നോട്ടുപോകാനും സമാധാനാന്തരീക്ഷം തകർക്കുന്ന ഇടപെടൽ ഉണ്ടാകില്ലെന്നും യോഗത്തിൽ തീരുമാനമായി. വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, എം.പി ആന്റോ ആന്റണി, കലക്ടർ വി.വിഗ്നേശ്വരി, ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, പൂഞ്ഞാർ ഫെറോന പള്ളി പ്രതിനിധികൾ, വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
കേസിൽ പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഇന്ന് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല, പരിക്കേറ്റ വൈദികനോട് മുൻവൈരാഗ്യമില്ല, ഗൗരവതരമായ പരിക്കില്ല എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിചേർത്ത പ്രായപൂർത്തിയായ മറ്റ് 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി നാളെ പരിഗണിക്കും. 27 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ്. പരിക്കേറ്റ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്ലസ് ടു വിദ്യാർഥികൾ സ്കൂളിലെ സെന്റോഫ് പരിപാടിക്ക് ശേഷം റീൽസ് എടുക്കുന്നതിനിടെ കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം.