പൂരം കലക്കലിൽ ഇനി അന്വേഷണപൂരം; എഡിജിപിയെ കുടുക്കിയത് ഡിജിപിയുടെ റിപ്പോർട്ട്
|ഗുരുതരമായ വീഴ്ചയെന്നാണ് ഡിജിപി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്
തിരുവനന്തപുരം: തൃശൂർ പൂരം റിപ്പോർട്ടിൽ എഡിജിപി എം.ആർ അജിത് കുമാറിനെ കുടുക്കിയത് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടാണ്. പൂരം നിയന്ത്രണങ്ങളിൽ എഡിജിപി അവസാന സമയം കൊണ്ടുവന്ന മാറ്റത്തേക്കുറിച്ചും നടത്തിപ്പിൽ വരുത്തിയ വീഴ്ചയെക്കുറിച്ചും ഡിജിപി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ദേവസ്വങ്ങൾ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന എഡിജിപിയുടെ റിപ്പോർട്ടും ഡിജിപി തള്ളിയിരുന്നു.
പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവർത്തിക്കുമ്പോഴും, മൂന്ന് കൊമ്പന്മാരെ അണിനിരത്തി സിപിഐയെ എങ്കിലും തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ്, ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം എന്നീ തലപ്പൊക്കമുള്ള കൊമ്പന്മാരാണ് പൂരം കലക്കൽ അന്വേഷണത്തിന് നേതൃത്വം നൽകുക.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെയും ദേവസ്വങ്ങളുടെയും തലയിൽ എല്ലാ ഉത്തരവാദിത്തങ്ങളും കെട്ടിവെച്ചായിരുന്നു എഡിജിപി എം.ആർ അജിത് കുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. നിയമപരമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പിലാക്കിയതെന്നും അജിത് കുമാർ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ഡിജിപി തൃപ്തനായില്ല. അജിത് കുമാറിന്റെ ഇടപെടലുകൾ സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ കരുത്തിൽ ഡിജിപി തന്റെ ശിപാർശകളടങ്ങിയ മറ്റൊരു റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
പൂരത്തിന് മൂന്ന് ദിവസം മുൻപ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത അജിത് കുമാർ, പൂരം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. പൂരം അലങ്കോലമായപ്പോൾ തൃശൂരിലുണ്ടായിരുന്ന അജിത് കുമാർ പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. പുലർച്ചെ മൂന്ന് മണി മുതൽ അജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ വീഴ്ചയെന്നാണ് ഡിജിപി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഒപ്പം തുടരന്വേഷണവും ആവശ്യപ്പെട്ടു. ഈ ആവശ്യം അതേപടി അംഗീകരിച്ച ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയോട് ഇതേ കാര്യം ആവശ്യപ്പെട്ടു. അങ്ങനെ അപൂർവമായ ത്രിതല അന്വേഷണത്തിന് കളമൊരുങ്ങുകയായിരുന്നു.