പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ല: സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയിൽ സർക്കാർ മറുപടി
|റിപ്പോർട്ടിനകത്ത് ജനം അറിയേണ്ടതായിട്ടുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ അത് ജനം അറിയുകതന്നെ വേണമെന്ന് സുനിൽകുമാർ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി എം. ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർ സിപിഐ സ്ഥാനാർഥി ആയിരുന്ന വി.എസ് സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയിലാണ് സർക്കാറിന്റെ മറുപടി. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. അതേസമയം റിപ്പോർട്ടിനകത്ത് ജനം അറിയേണ്ടതായിട്ടുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ അത് ജനം അറിയുകതന്നെ വേണമെന്ന് സുനിൽകുമാർ പറഞ്ഞു. നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വികരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ മൂന്ന് തലത്തിൽ നടത്താനിരിക്കുന്ന അന്വേഷണത്തെ സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ കോപ്പിയും വിവരാവകാശ മറുപടിക്കൊപ്പം ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടുന്നതിന് തടസങ്ങളുണ്ടോ എന്ന് നിയമവശം പരിശോധിച്ച് അപ്പീൽ പോകും. തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണം എന്നതാണ് തന്റെ ആവശ്യം. ആ വിഷയവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ജനം അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ ജനം അറിയുകതന്നെ വേണം. അത്തരം കാര്യങ്ങൾ ആഭ്യന്തരവകുപ്പ് പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലപ്പെട്ടതുമായി കുപ്രചാരണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കൾ തീരാൻ റിപ്പോർട്ട് വിവരം പുറത്തുവരണം. അത്തരം കാര്യങ്ങൾ ആ റിപ്പോർട്ടിലുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പൂർണഭാഗവും ഒഴിവാക്കണമെന്ന് കരുതുന്നില്ലെന്നും നിയമവശം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സുനിൽകുമാർ പറഞ്ഞു.