'വരികളിലൂടെ മുഖ്യമന്ത്രിക്ക് ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ല': കെ.വി.പി. നമ്പൂതിരി
|അഭിപ്രായ വ്യത്യാസങ്ങളില്ലാതെതന്നെ വരികൾ എല്ലാവരും അംഗീകരിച്ചു. ഗാനത്തിൽനിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ല.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയ്ക്കായി എഴുതിയ വരികൾ വിവാദമായതിൽ ദുഃഖമുണ്ടെന്ന് ഗാനരചയിതാവ് പൂവരണി കെ.വി.പി നമ്പൂതിരി. പാട്ടിലൂടെ മുഖ്യമന്ത്രിക്ക് ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ലെന്ന് കെ.വി.പി. പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമാണ് സമ്മേളനത്തോടനുബന്ധിച്ചുള്ള തിരുവാതിരക്കളിക്ക് വരികൾ എഴുതണമെന്ന് ആവശ്യപ്പെട്ടത്. അഭിപ്രായ വ്യത്യാസങ്ങളില്ലാതെതന്നെ വരികൾ അംഗീകരിച്ചു. ഗാനത്തിൽനിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ല. സംഗീതം നൽകാൻ ആവശ്യപ്പെട്ടു. പ്രൊഫഷനൽ ഗായികയെകൊണ്ട് പാടിച്ച് റെക്കോർഡ് ചെയ്ത് നൽകുകയും ചെയ്തു. ഇപ്പോഴുണ്ടായ വിവാദങ്ങൾ പ്രതീക്ഷിച്ചതല്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാറശാലയിൽ ചൊവ്വാഴ്ച മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ വിലാപയാത്ര തളിപ്പറമ്പിലെ വീട്ടിലേക്ക് നടക്കുമ്പോൾ മെഗാ തിരുവാതിര സംഘടിപ്പിച്ചതിനെതിരെയും വിമർശനങ്ങൾ ഉയർന്നു. സംഭവത്തിൽ വീഴ്ച സംഭവിച്ചെന്നു ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നു. ഒഴിവാക്കാമായിരുന്നുവെന്നാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.