പോപ്പുലര്‍ ഫ്രണ്ട് കേസ് : എൻ.ഐ.എയ്ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു
|കേസ് തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും
ന്യൂഡല്‍ഹി: എൻ.ഐ.എ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറും റിമാൻഡ് റിപ്പോർട്ടും നൽകണമെന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍.ഐ.എയ്ക്ക് നോട്ടീസയച്ചു. പ്രതിയായ മുഹമ്മദ് യൂസഫ് നൽകിയ ഹരജിയിലാണ് കോടതി നടപടി. എഫ്.ഐ.ആർ,റിമാൻഡ് റിപ്പോർട്ട് എന്നിവ ആവശ്യപ്പെട്ട ഹരജിയിലാണ് കോടതി എന്‍.ഐ.എയ്ക്ക് നോട്ടീസ് അയച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ 16 പേരെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് പേരെ എൻ.ഐ.എ കസ്റ്റഡിയിൽ അയച്ചു.
പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.