പോപുലർ ഫ്രണ്ട് ഹർത്താൽ: സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ
|ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയത്താണ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്. ആക്രമണങ്ങളിൽ പ്രതികളായവരും കരുതൽതടങ്കലിൽപെട്ടവരും ഉൾപ്പെടെയാണ് കണക്ക്.
ഹർത്താലിനെ തുടർന്ന് കണ്ണൂരിൽ വ്യാപക ആക്രമണമാണ് നടന്നത്. മട്ടന്നൂർ പാലോട്ട് പള്ളിയിൽ ചരക്കുലോറിക്ക് നേരെ പെട്രോൾബോംബെറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ലോറിയുടെ ചില്ല് തകർന്നു. ഇതോടെ നാലിടത്താണ് ബോംബേറുണ്ടായത്. മട്ടന്നൂർ ടൗണിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേർ നടത്തിയ ആക്രമണത്തിൽ ഓഫീസിലെ ഫർണിച്ചറുകൾ നശിപ്പിക്കപ്പെട്ടു. പാലോട്ടുപള്ളിയിൽ ലോറിക്ക് നേരെ ബോംബെറിഞ്ഞതും ഇതേ സംഘമാണെന്നാണ് കരുതപ്പെടുന്നത്. പുന്നാട് ഒരു ബൈക്ക് യാത്രികന് നേരെയും പെട്രോൾ ബോംബേറുണ്ടായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ നിവേദിന് നേരെയാണ് ബോംബെറിഞ്ഞത്. പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉളിയിലിൽ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു. കല്യാശ്ശേരിയിൽ വെച്ച് ഒരു പോപുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് പെട്രോൾ ബോബുകൾ കണ്ടെടുത്തു.
അതേസമയം, പയ്യന്നൂരിൽ ബലമായി കടയടപ്പിക്കാൻ ശ്രമിച്ച പി.എഫ്.ഐ പ്രവർത്തകരെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. ജില്ലയിൽ 20 ഓളം പേർ കരുതൽ തടങ്കലിലാണ്. മലപ്പുറത്ത് 100 പേർ കരുതൽ തടങ്കലിലുണ്ടായിരുന്നു. 9 പേർ അറസ്റ്റിലായി. മഞ്ചേരിയിൽ പെട്രോൾ പമ്പടപ്പിക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേശീയ പാതയിൽ ലോറിക്ക് നേരെ കല്ലെറിഞ്ഞ മൂന്നു പേർ അറസ്റ്റിൽ. കൊല്ലത്ത് 11 പേർക്കെതിരെ കേസെടുത്തു. 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരേ ആക്രമണമുണ്ടായി. വാഹനം തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയത് .അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാൻ ശ്രമിച്ച 3 പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. എസ്ഡിപിഐ ചില്ലിത്തോട് ബ്രാഞ്ച് സെക്രട്ടറി കാസിം, പ്രവർത്തകരായ എം എം സലാം, മുഹമ്മദ് ഇക്ബാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ടയിൽ നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുപാലക്കാട് കൂറ്റനാട് വാഹനങ്ങൾ തടഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുകാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 7 പ്രവർത്തകരെ കരുതൽ തടങ്കിലാക്കിയിട്ടുണ്ട്. പോത്തൻകോട് കടയാക്രമിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡയിലെടുത്തു. കോഴിക്കോട് 16 പേരെ കരുതൽ തടങ്കലിൽ വെച്ചു. കുറ്റിക്കാട്ടൂരിൽ രണ്ടുപേരെ കരുതൽ തടങ്കലിൽ വെച്ചു. സുൽത്താൻ ബത്തേരിയിൽ റോഡ് തടഞ്ഞ 12 പേരെ അറസ്റ്റ് ചെയ്തു.
70 കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലിൽ തകർക്കപ്പെട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും പറഞ്ഞു. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമെന്ന് ജസ്റ്റിസ് കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി നിർദേശിച്ചു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകിയേ ഹർത്താൽ നടത്താവൂവെന്നാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവ്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് കോടതി ഈ മാസം 29 ന് റിപോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
Popular front hartal: more than 220 people arrested in Kerala