സുബൈർ വധം: നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് കേസ് തീർപ്പാക്കാൻ ശ്രമിക്കുന്നു-പോപ്പുലർ ഫ്രണ്ട്
|കഴിഞ്ഞ വർഷം നവംബറിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മലപ്പുറം: പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈർ കൊല്ലപ്പെട്ട കേസിൽ പൊലീസ് നടപടികൾ അസ്വാഭാവികമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ. നേരത്തെ തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ച് കേസ് തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിൽ ആർഎസ്എസ് ഇടപെടലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഉന്നതതല ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ പാലക്കാട് വന്നതെന്തിനാണെന്ന് അന്വേഷിക്കണം. വിജയ് സാഖറെ സൂപ്പർ ഡിജിപിയാകാൻ ശ്രമിക്കുകയാണെന്നും സി.പി മുഹമ്മദ് ബഷീർ ആരോപിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശൻ സുഹൃത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തുകയായിരുന്ന എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇത് ആർഎസ്എസ് നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്ക് മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.